Saturday, February 22, 2025
Latest:
KeralaTop News

‘അശ്ലീല കമന്റുകളിടുന്നവരില്‍ കൂടുതലും കുട്ടികൾ, എന്റെ ശരീര ഭാഗത്തെ കുറിച്ച് അശ്ലീലം പറയുന്നത് തമാശയല്ല’: പോസ്റ്റുമായി ആര്യ

Spread the love

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയും അവതാരകയുമാണ് ആര്യ. സാമൂഹിക മാധ്യമങ്ങളിലൂടെ താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന തുടര്‍ച്ചയായ സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ആര്യ. നിരന്തരമായ സൈബര്‍ ആക്രമണം നേരിടുകയാണെന്നും പരാതിപ്പെട്ടിട്ടും കാര്യമില്ലെന്നും ആര്യ ചൂണ്ടിക്കാട്ടുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം.

ആര്യ പങ്കുവെച്ച വീഡിയോയുടെ കമന്റ് ബോക്‌സിലാണ് ചിലര്‍ അശ്ലീലമായ കമന്റുകള്‍ പോസ്റ്റ് ചെയ്തത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും കമന്റ് ചെയ്തവരുടെ പ്രൊഫൈല്‍ വിശദാംശങ്ങളും ഉള്‍പ്പടെയാണ് ആര്യ സ്റ്റോറി ഇട്ടിരിക്കുന്നത്. കമന്റുകളുടെ സ്വഭാവം ഉള്‍പ്പടെ ചൂണ്ടിക്കാട്ടി ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ആര്യ വ്യക്തമാക്കുന്നു.

എന്റെ ശരീര ഭാഗത്തെ കുറിച്ച് അശ്ലീലം പറയുന്നത് എനിക്ക് തമാശയായി തോന്നാറില്ലെന്നും ആര്യ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പറയുന്നു.ഒരു വര്‍ഷം മുന്‍പ് എനിക്കൊരു പ്രശ്‌നമുണ്ടായിരുന്നു. ഒരു വ്യക്തി ഫോണിലൂടെ എന്റെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് സംസാരിക്കുമായിരുന്നു. ഞാനതിനെതിരെ കേസ് നല്‍കി’. പ്രതീക്ഷിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. ഈ പ്രശ്‌നങ്ങളെ കുറിച്ച് ഞാനൊരു വ്‌ളോഗ് ചെയ്തിരുന്നു. അന്നുമുതല്‍ സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ഈ പ്രശ്‌നം നേരിടുകയാണ്.

ഇത്തരം കമന്റുകളിടുന്നവരില്‍ കൂടുതലും കുട്ടികളാണ്. എന്റെ എല്ലാ പോസ്റ്റുകളുടെ താഴെയും വരുന്നുണ്ട്. അതുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ട് ഇവര്‍ക്കൊന്നും മനസ്സിലാകുന്നില്ല. ഒരു പരിധിക്ക് അപ്പുറത്തേക്ക് ഇതൊന്നും അവഗണിക്കാന്‍ സാധിക്കില്ല’ കമന്റുകളിട്ട പ്രൊഫൈലുകള്‍ ചൂണ്ടിക്കാട്ടി ഇവര്‍ സുഹൃത്തുക്കളാണെന്നും ഇതൊരു സംഘടിതമായ ആക്രമണമാണെന്നും ആര്യ പറയുന്നു.