KeralaTop News

സംഘര്‍ഷവേദിയായി സിറോ മലബാര്‍സഭ അതിരൂപതാ ആസ്ഥാനം; ലാത്തിചാര്‍ജില്‍ വൈദികന്റെ കൈ ഒടിഞ്ഞെന്ന് പരാതി

Spread the love

കുര്‍ബാന തര്‍ത്തത്തില്‍ വിമത വൈദികരുടെ പ്രതിഷേധത്തില്‍ മണിക്കൂറുകളോളം സംഘര്‍ഷവേദിയായി സീറോ മലബാര്‍ സഭാ എറണാകുളം- അങ്കമാലി അതിരൂപതാ ആസ്ഥാനം. ബിഷപ്‌സ് ഹൗസില്‍ ഇരുവിഭാഗവുമായി എഡിഎം ചര്‍ച്ച നടത്തിയെങ്കിലും സമവായമായില്ല. അറസ്റ്റ് വരിക്കാനാണ് വിമത വൈദികരുടെ തീരുമാനം. വൈദികരുടെ അറസ്റ്റിലേക്ക് നീങ്ങിയാല്‍ നാളെ പള്ളികളില്‍ കുര്‍ബാന മുടങ്ങുമോ എന്ന ആശങ്കയുമുണ്ട്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥയാണ്.

വിശ്വാസികളും വൈദികരും ബിഷപ്പ് ഹൗസിലേക്ക് ഇരച്ചെത്തിയതോടെ ബിഷപ്പ് ഹൗസിന്റെ ഗേറ്റ് തകര്‍ന്നിരുന്നു. വൈദികരെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയത്. ഗേറ്റ് തകര്‍ത്തെങ്കിലും വൈദികരെ അകത്തേക്ക് കടത്തിവിടാന്‍ പൊലീസ് തയാറായില്ല. ബിഷപ്പ് ഹൗസിലെ പ്രതിഷേധത്തിലേക്ക് കന്യാസ്ത്രീകളും എത്തിയിരുന്നു. പൊലീസ് ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ലാത്തി ചാര്‍ജില്‍ വൈദികന്റെ കൈ ഒടിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.

ഇതിനിടെ പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി പ്രതിഷേധക്കാര്‍ കളക്ടറുമായി ഫോണില്‍ ചര്‍ച്ച നടത്തി. സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കത്തില്‍ ഒരു വിഭാഗം വൈദികര്‍ പ്രതിഷേധമായി പ്രാര്‍ത്ഥനാ യജ്ഞം നടത്തിയതില്‍ പൊലീസ് ഇടപെട്ടതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് സംഘര്‍ഷം തുടരുകയാണ്.