SportsTop News

ഒഡീഷ എഫ്‌സിയില്‍ എത്തിയതില്‍ സന്തോഷം, ഏറ്റവും മികച്ച പ്രകടനം ടീമിന് നല്‍കും -രാഹുല്‍ കെപി

Spread the love

ഒഡീഷ എഫ്‌സിക്ക് വേണ്ടി തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും താന്‍ സന്തോഷവാനാണെന്നും കേരള ബ്ലാസ്റ്റേഴ്സ് വിട്ട മലയാളി യുവതാരം രാഹുല്‍ കെ.പി. പെര്‍മനന്ററ് ട്രാന്‍സ്ഫറിലൂടെ രാഹുല്‍ ക്ലബ്ബ് വിട്ട വിവരം തിങ്കളാഴ്ച്ച ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിച്ചിരുന്നു. സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയായിരുന്നു വിവരം ഫാന്‍സിനെയും മാധ്യമങ്ങളെയും അറിയിച്ചത്. ”ഈ പുതിയ വെല്ലുവിളിക്ക് താന്‍ തയ്യാറാണ്. എന്നോട് താല്‍പ്പര്യം കാണിച്ച ഒരേയൊരു ടീം ഒഡീഷ എഫ്സിയാണ്. ഇവിടെ വന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് കോച്ചിന്റെ തീരുമാനമാണ്, അതിനാല്‍ ട്രാന്‍സ്ഫര്‍ കൂടുതല്‍ സന്തോഷം നല്‍കുന്നു” കരാര്‍ ഒപ്പുവെച്ച ശേഷം രാഹുല്‍ പറഞ്ഞു. 2019 മുതല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണ് രാഹുല്‍. എട്ട് ഗോളുകള്‍ നേടിയ താരം 81 തവണയാണ് ക്ലബ്ബിനായി ബൂട്ടണിഞ്ഞത്. നിലവിലെ സീസണില്‍ 11 തവണ രാഹുല്‍ കളത്തിലിറങ്ങിയ താരം ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ ഒരു ഗോളും നേടിയിരുന്നു.

ജംഷഡ്പുരിനെതിരായാണ് രാഹുല്‍ അവസാനമായി ബ്ലാസ്റ്റേഴ്സ് കുപ്പായമിട്ടത്. ജനുവരി 13-ന് കൊച്ചിയില്‍ ഒഡിഷയ്ക്കെതിരെ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. താരത്തിന്റെ സംഭാവനകള്‍ക്ക് ബ്ലാസ്റ്റേഴ്സ് നന്ദി പറഞ്ഞു. രാഹുല്‍ ഈ ടീമിന് യോജിച്ച താരമാണെന്ന് ഒഡീഷ ഹെഡ് കോച്ച് സെര്‍ജിയോ ലൊബേര പ്രതികരിച്ചു. ”ഞങ്ങളുടെ കളിശൈലിയുമായി നന്നായി പൊരുത്തപ്പെടാന്‍ കഴിയുന്ന കളിക്കാരനാണ് രാഹുല്‍. അദ്ദേഹം ഞങ്ങളെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തിന്റെ വരവില്‍ ഞാന്‍ സന്തുഷ്ടനാണ്” ലോബേര പറഞ്ഞു.