നിമിഷപ്രിയയുടെ വധശിക്ഷ: പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യമന്‍ എംബസി
നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യയിലെ യമന്‍ എംബസി. ഔദ്യോഗിക ഭരണകൂടത്തിന്റെ പ്രസിഡന്റ് റഷദ് അല്‍ അലിമി ശിക്ഷ അംഗീകരിച്ചിട്ടില്ലെന്ന് എംബസി അറിയിച്ചു. ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവ് മെഹ്ദി അല്‍ മഷാദ് ആണ് ശിക്ഷയ്ക്ക് അംഗീകാരം നല്‍കിയത്. നിമിഷപ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള വടക്കന്‍ യമനിലാണെന്നും നിമിഷ കഴിയുന്ന ജയിലും ഹൂതി നിയന്ത്രണത്തിലെന്നും അറിയിച്ചിട്ടുണ്ട്.
നിമിഷപ്രിയക്കായി മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുതിര്‍ന്ന ഇറാന്‍ വിദേശകാര്യ ഉദ്യോഗസ്ഥനാണ് നിലപാട് വ്യക്തമാക്കിയത്. ഇറാന്‍ വിദേശകാര്യ സഹമന്ത്രി ഡോ തഖ്ത് റവഞ്ചിയുടെ ഇന്ത്യ സന്ദര്‍ശത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് അനുമതി നല്‍കിയിരുന്നു. നിമിഷയുടെ മോചനത്തിനായി പോയ അമ്മ പ്രേമകുമാരി ഇപ്പോഴും യമനില്‍ തുടരുകയാണ്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യമന്‍ പൗരന്‍ തലാല്‍ അബ്ദുല്‍ മഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നത്. 2018ലായിരുന്നു നിമിഷപ്രിയയ്‌ക്കെതിരെ യമന്‍ കോടതി വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ അപ്പീല്‍ നല്‍കിയെങ്കിലും 2020ല്‍ യമനിലെ അപ്പീല്‍ കോടതി ശിക്ഷ ശരിവെച്ചു. പിന്നീട്, യമനിലെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 2023 നവംബറില്‍ അപ്പീല്‍ തള്ളി.