ഇനി ഭക്ഷണം കഴിച്ചും വണ്ണം കുറയ്ക്കാം
ശരീര ഭാരം കുറയ്ക്കാൻ ഭക്ഷണം നിയന്ത്രിക്കുകയും ,ജിമ്മിൽ പോവുകയും ചെയ്യുന്നവരാണ് നമ്മൾ, എന്നാൽ കൃത്യസമയത്ത് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം എന്നാണ് പഠനങ്ങൾ പറയുന്നത്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കൃത്യസമയത്ത് കഴിക്കുന്നത് അമിത വണ്ണവും ,ശരീരഭാരവും കുറയ്ക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് ശരീരഭാരം കുറയ്ക്കാൻ പ്രഭാതഭക്ഷണം ശരിയായ സമയത്ത് കഴിക്കണം. ഉറക്കമുണർന്ന് ഒരുമണിക്കൂറിനുള്ളിൽ തന്നെ പ്രഭാതഭക്ഷണം കഴിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കുകയും, എനർജി നൽകുകയും ചെയ്യുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അമിതവണ്ണത്തിന് കാരണമാകുമെന്ന് 2019 ലെ പഠനങ്ങൾ കണ്ടെത്തിയിരുന്നു. ഉച്ചയ്ക്ക് 12 നും 1 നും ഇടയിൽ ഭക്ഷണം കഴിക്കണം. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിൽ 5 മുതൽ 6 മണിക്കൂർ വരെ വ്യത്യാസം ഉറപ്പാക്കേണ്ടതാണ്. നേരത്തെ ഉച്ചഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു , അതിനാൽ പ്രോട്ടീൻ, ധാന്യം , പച്ചക്കറികൾ എന്നിവ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
രാത്രി ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കണം, ഭക്ഷണത്തിൽ പച്ചക്കറി, പ്രോട്ടീൻ , കാർബോഹൈഡ്രേറ്റ് എന്നിവ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. രാത്രിയിൽ ഹെവി ഫുഡ് ഒഴിവാക്കേണ്ടതാണ് ഇത് ഉറക്കത്തിനെയും , മെറ്റബോളിസത്തെയും ബാധിക്കുകയും ശരീരഭാരം കൂടുന്നതിന് കാരണമാകുകയും ചെയ്യുന്നു.