Tuesday, January 7, 2025
MoviesTop News

ഗോൾഡൻ ഗ്ലോബ് പുരസ്‌ക്കാര പ്രതീക്ഷയിൽ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’

Spread the love

ഇന്ത്യൻ സിനിമയുടെയും മലയാളികളുടെയും അഭിമാനം വാനോളം ഉയർത്തി നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണ് പായൽ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’[പ്രഭയായി നിനച്ചതെല്ലാം]. അന്തരാഷ്ട്ര തലങ്ങളിൽ തരംഗങ്ങൾ സൃഷ്ടിച്ച ചിത്രം 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ്. എന്നാൽ ഇതിനൊക്കെ പുറമെ നാളെ പുലർച്ചെ പ്രഘ്യാപിക്കാനിരിക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര വേദിയിൽ രണ്ട് വിഭാഗങ്ങളിലേക്ക് മത്സരിക്കുകയാണ് ചിത്രം. ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ രാജ്യം.

മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടത്. 82-ാമത് ഗോള്‍ഡന്‍ ഗ്ലോബിനുള്ള പുരസ്‌ക്കാര ചടങ്ങാണ് നാളെ നടക്കുന്നത്. ഗോൾഡൻ ഗ്ലോബിൽ ബെസ്റ്റ് ഡയറക്ടർ പുരസ്കാരത്തിന് ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരാൾ പരിഗണിക്കപ്പെടുന്നത്. ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. രണ്ട് കുടിയേറ്റ മലയാളി നഴ്‌സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. കനിയും ദിവ്യയും ആണ് ചിത്രത്തിൽ നഴ്സുമാരുടെ വേഷത്തിൽ എത്തിയത്. യുവ താരം ഹ്രിദ്ദു ഹാറൂണും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരുന്നു. മുംബൈയിലും രത്‌നഗിരിയിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും പായല്‍ കപാഡിയയാണ്.
മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തിൽ ഫ്രഞ്ച് ചിത്രമായ എമിലിയ പെരസുമായി (82-ാമത് ഗോൾഡൻ ഗ്ലോബിൽ ഏറ്റവും ഉയർന്ന നോമിനേഷനുകൾ നേടിയ), ദി ഗേൾ വിത്ത് ദ നീഡിൽ, ഐ ആം സ്റ്റിൽ ഹിയർ, ദി സീഡ് ഓഫ് ദി സീഡ് എന്നിവയുമായാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് മത്സരിക്കുന്നത് .മികച്ച സംവിധായികയായി (ചലച്ചിത്രം), പായൽ കപാഡിയ, എമിലിയ പെരസിന് ജാക്വസ് ഓഡിയാർഡ്, അനോറയ്ക്ക് ഷോൺ ബേക്കർ, കോൺക്ലേവിന് എഡ്വേർഡ് ബെർഗർ, ദി ബ്രൂട്ടലിസ്റ്റിന് ബ്രാഡി കോർബറ്റ്, ദ സബ്‌സ്റ്റാൻസിന് കോറലി ഫാർഗെറ്റ് എന്നിവർക്കൊമാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്.

ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡിലെ ജൂറി ഗ്രാൻഡ് പ്രൈസ്, ഗോതം അവാർഡിലെ മികച്ച ഇൻ്റർനാഷണൽ ഫീച്ചർ, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിളിൻ്റെ മികച്ച അന്താരാഷ്ട്ര ചലച്ചിത്ര അവാർഡ് എന്നിവയും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ 2024ലെ പ്രിയപ്പെട്ട ചലച്ചിത്രങ്ങളുടെ പട്ടികയിലും ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റിന് സ്ഥാനം പിടിക്കാൻ കഴിഞ്ഞു. നാളെ നടക്കാനിരിക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരത്തിൽ കപ്പ് ആര് നേടുമെന്ന് അറിയാനുളള പ്രതീക്ഷയിലാണ് രാജ്യം . ഇന്ത്യൻ സിനിമക്ക് ഒരു നാഴിക കല്ലായി മാറാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.