തമിഴ്നാട്ടിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികളെ ആക്രമിച്ച് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ
നടുക്കടലിൽ മത്സ്യത്തൊഴിലാളികൾക്ക് നേരേ ആക്രമണം. തമിഴ്നാട്ടിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരാണ് ആക്രമിച്ചത്. നാഗപ്പട്ടണം സ്വദേശികളായ രാജേന്ദ്രൻ , രാജ്‌കുമാർ, നാഗലിംഗം എന്നിവർക്ക് പരുക്കേറ്റു.
മത്സ്യത്തൊഴിലാളികളുടെ വലയും ജിപിഎസ് ഉപകരണങ്ങളും മോഷ്ടിച്ചു. 3 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പരുക്കേറ്റ മത്സ്യത്തൊഴിലാളികളെ നാട്ടിൽ തിരികെയെത്തിച്ചു. ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം മത്സ്യത്തൊഴിലാളികൾക്ക് നേരെയുള്ള ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം പതിവാണ്. ഇതിനുമുൻപും സമാനമായ ആക്രമണം ഉണ്ടായിട്ടുണ്ട്. വിഷയത്തിൽ തമിഴ്നാട് സർക്കാർ ഇടപെടണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്.