KeralaTop News

ക്രിസ്‌മസ്‌; കേരളത്തിന് 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

Spread the love

ക്രിസ്‌മസ്‌ കാലത്തെ ദുരിതയാത്ര ഒഴിവാക്കാൻ 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. വിവിധ സോണുകളിലായി 419 പ്രത്യേക ട്രിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ജോർജ് കുര്യൻറെ അഭ്യർത്ഥന അനുസരിച്ചാണ് റെയിൽവേ മന്ത്രിയുടെ പ്രഖ്യാപനം. ശബരിമല തീർത്ഥാടകരുടെ യാത്രയ്ക്കായി 416 ട്രെയിൻ സർവീസുകൾ അനുവദിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിന്റെ റെയിൽവേ വികസന സ്വപ്നങ്ങൾക്ക് പുതിയ ചിറക് സമ്മാനിക്കുന്ന ശബരി പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കും. അടിയന്തരമായി പദ്ധതിക്ക് അനുമതി നൽകാൻ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കും.
ആദ്യഘട്ടത്തില്‍ അങ്കമാലി – എരുമേലി – നിലക്കല്‍ പാത പൂര്‍ത്തീകരിക്കും.നിർമ്മാണ ചെലവിന്‍റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം തുടരും.ഈ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ച് കിട്ടാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടും.

നിർമ്മാണ തുക കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെടും. ആര്‍ബിഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. എന്നാൽ ഇക്കാര്യം കേന്ദ്രം അംഗീകരിക്കാൻ സാധ്യതയില്ല.നിലവിൽ സിം​ഗിൾ ലൈനുമായി മുന്നോട്ട് പോകാനും വികസനഘട്ടത്തിൽ പാത ഇരട്ടിപ്പിക്കല്‍ പരി​ഗണിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.നിലവിൽ കേന്ദ്ര സർക്കാരിൻ്റെ പരിഗണനയിലുള്ള ചെങ്ങന്നൂർ – പമ്പ പദ്ധതിക്ക് പകരം വിഴിഞ്ഞത്തെ ബന്ധിപ്പിക്കാവുന്ന പദ്ധതിയായി ഭാവിയില്‍ ശബരി പദ്ധതിയെ വികസിപ്പിക്കാം എന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. 1997 -98 റെയിൽവേ ബജറ്റിലാണ് ശബരി പദ്ധതി പ്രഖ്യാപിക്കുന്നത്.പദ്ധതിയ്ക്കായി 8 കിലോമീറ്ററോളം സ്ഥലമെടുപ്പ് പൂർത്തിയായി. അങ്കമാലിക്കും കാലടിക്കും ഇടയിലുള്ള 7 കിലോമീറ്റർ പാതയുടെ നിർമ്മാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.