ഇതുകണ്ടെങ്കിലും നിര്‍ത്തന്നേ…; പുകയില മുന്നറിയിപ്പുകള്‍ കൂടുതല്‍ രൂക്ഷമാകാന്‍ പോകുന്നു
പുകയിലും ഉപയോഗവും വില്‍പ്പനയും അതുകൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങളും കൂടുതല്‍ വെളിച്ചത്ത് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുകയില ഉപയോഗത്തെ നിരുത്സാഹപ്പെടുത്താന്‍ മുന്നറിയിപ്പുകള്‍ കൂടുതല്‍ രൂക്ഷമാകാന്‍ പോകുന്നു. അടുത്ത വര്‍ഷം ഒന്ന് മുതലാകും പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക. പുകയില ഉത്പ്പന്നങ്ങളുടെ മുന്‍ വശത്തുതന്നെ ഓറല്‍ ക്യാന്‍സറിന്റെ അവസാനഘട്ടത്തിലൂടെ കടന്നുപോകുന്ന വ്യക്തിയുടെ ചിത്രം പതിപ്പിക്കണമെന്നാണ് പുകയില വസ്തുക്കളുടെ നിര്‍മാതാക്കള്‍ക്കുള്ള നിര്‍ദേശം. പുകയില നിങ്ങളെ വേദനിപ്പിച്ച് കൊല്ലുമെന്ന മുന്നറിയിപ്പും പായ്ക്കറ്റില്‍ ഉള്‍പ്പെടുത്തണം.
പുകയില പായ്ക്കറ്റുകളില്‍ പുകയില ആസക്തിയില്‍ നിന്ന് രക്ഷനേടാനുള്ള ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളും ഉള്‍പ്പെടുത്തണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഭയപ്പെടുത്തുകയും അസ്വസ്ഥരാക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ പായ്ക്കറ്റില്‍ ഉള്‍പ്പെടുത്തുക വഴി പുകയില ഉപഭോഗത്തെ നിരുത്സാഹപ്പെടുത്താനാകാമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഒരേ ചിത്രം നിരവധി തവണ ഉപയോഗിച്ച് സാധാരണവത്കരിക്കുന്നത് ഒഴിവാക്കാനാണ് ഇപ്പോള്‍ പായ്ക്കറ്റുകളില്‍ കുറച്ചുകൂടി രൂക്ഷമായ മുന്നറിയിപ്പുകള്‍ ഉപയോഗിക്കാനിരിക്കുന്നത്.
ഇന്ത്യയില്‍ പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന 28 കോടിയിലേറെ ആളുകളുണ്ടെന്നാണ് കണക്ക്. പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം 13 ലക്ഷത്തോളം പേര്‍ മരിച്ചിട്ടുണ്ട്. 15 വയസിനും 24 വയസിനുമിടയിലുള്ള 12 ശതമാനം യുവാക്കളും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ടൊബാക്കോ യൂസ് ഇന്‍സൈറ്റ്‌സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച കണക്ക്.