എകെജി സെൻ്ററിലെത്തി രവി ഡിസി; എം.വി ഗോവിന്ദനുമായി കൂടിക്കാഴ്ച
സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി ഡിസി ബുക്സ് ഉടമ രവി ഡി സി. തിരുവനന്തപുരത്ത് എകെജി സെന്ററിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഡിസിയുടെ ലിറ്ററേച്ചർ ഫെസ്റ്റിവലിന് സിപിഐ എം സംസ്ഥാന സെക്രട്ടറിയെ ക്ഷണിക്കാനാണ് രവി ഡിസി എത്തിയത്. പി. ജയരാജൻ്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെ മുഖ്യമന്ത്രിയും സിപിഐഎമ്മും രൂക്ഷമായി വിമർശിച്ചിരുന്നു.
ഇ പി ജയരാജന്റെ ആത്മകഥാ വിഷയത്തിൽ ഡി സിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഈ വിഷയത്തിൽ ഇ പി ജയരാജൻ്റെ പരാതിയിൽ പൊലീസ് അന്വേഷണവും നടക്കുകയാണ്. ഇതിനിടിയിലാണ് ഡി സി രവി സിപിഐഎം സംസ്ഥാന സെക്രട്ടറിയെ സന്ദർശിച്ചിരിക്കുന്നത്.
ആത്മകഥാ വിവാദത്തില്‍ ഇ പി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ആത്മകഥ ഇനിയും എഴുതി പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. മാധ്യമങ്ങള്‍ വഴി പുറത്ത് വന്നത് തെറ്റായ കാര്യങ്ങളാണ്. ആത്മകഥയുടെ പേരോ കവര്‍ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്.
‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പേരില്‍ പേരില്‍ ഡിസി ബുക്‌സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ കവര്‍ചിത്രം പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ പുസ്തകത്തിലെ പേജുകളെന്ന പേരിൽ സിപിഐഎമ്മിനെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമുള്ള ഭാഗങ്ങൾ പുറത്ത് വന്നിരുന്നു.
പിന്നാലെ ആത്മകഥ നിഷേധിച്ച് ഇ പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. സംഭവത്തെ പൂര്‍ണമായും നിഷേധിച്ച ഇ പി ജയരാജന്‍ തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കിയിരുന്നു.