KeralaTop News

‘ഹക്കീം ഫൈസിക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണോ എന്ന് സംശയം’; സി ഐ സിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സമസ്ത

Spread the love

സിഐസി സെക്രട്ടറി ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സമസ്ത. ഹക്കീം ഫൈസിക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണോ എന്ന് സംശയമുള്ളതായി കേന്ദ്ര മുശാവറ അംഗം പി. എം അബ്ദുസലാം ബാഖവി പറഞ്ഞു. സി ഐ സിയുമായി സമസ്തയ്ക്ക് ഒരു ബന്ധവുമില്ല. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് മധ്യസ്ഥത ചര്‍ച്ചകള്‍ നടത്തുന്നത്. സമസ്ത ഉന്നയിച്ച 9 ഇന ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രം ഹക്കിം ഫൈസി വിഷയത്തില്‍ പുനപരിശോധന നടത്താം. സമസ്തയും ലീഗും തമ്മിലുള്ള ബന്ധത്തിന് കോട്ടം വരുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോവരുതെന്നും സമസ്ത നേതാക്കള്‍ പറഞ്ഞു.

ചെറിയ ഇടവേളക്ക് ശേഷം സി ഐ സി സമസ്ത തര്‍ക്കം വീണ്ടും സജീവമാവുകയാണ്. സമസ്തയില്‍ ശുദ്ധീകരണം വേണമെന്ന അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരിയുടെ പ്രസ്താവനയാണ് സമസ്തയെ ചെടിപ്പിച്ചത്. ഇതിനെതിരെയാണ് സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങളും, മുശാവറ അംഗങ്ങളും പരസ്യ പ്രതികരണത്തിന് തയ്യാറായത്.

സമസ്ത അംഗീകാരിക്കാത്ത ഒരിടത്ത് പോയി പഠനം നടത്തി മതപരമല്ലാത്ത അനുഭവങ്ങള്‍ ആര്‍ക്ക് എങ്കിലും അനുഭവപ്പെട്ടാല്‍ അതിന് സമസ്ത ഉത്തരവാദിയല്ല. ജമാഅത്തെ ഇസ്ലാമി ആശയം ഒളിച്ചു കടത്തുകയാണ് ഹാക്കീം ഫൈസിയെന്നും പി. എം അബ്ദുസലാം ബാഖവി പറഞ്ഞു.

സമസ്ത ഉന്നയിച്ച 9 ഇന ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമെ നിലവില്‍ ഹക്കിംഫൈസിയുമായി സമസ്ത നേതൃത്വം ഇനി ഒരു സമവായത്തിനുള്ളൂ. ഇതിന് മധ്യസ്ഥം വഹിക്കുന്നത് പാണക്കാട് സാദിഖ് ശിഹാബ് തങ്ങളാണ്. എന്നാല്‍ സമസ്തയെയും ലീഗിനെയും തെറ്റിക്കാനുള്ള ശ്രമമാണ് ഹക്കീം ഫൈസി നടത്തുന്നതെന്ന വിമര്‍ശനവും മുശവറ അംഗങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതിനാല്‍ സമസ്ത – ലീഗ് ബന്ധം കാത്തു സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കും ഉണ്ടെന്ന മുന്നറിയിപ്പും നേതാക്കള്‍ നല്‍കുന്നു.