തെക്കൻ തമിഴ്നാട്ടിൽ ശ്കതമായ മഴ തുടുരുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തെക്കൻ തമിഴ്നാട്ടിൽ ശ്കതമായ മഴ തുടുരുന്നു. തെങ്കാശി, തിരുനൽവേലി തൂത്തുക്കുടി കന്യാകുമാരി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മഴക്കെടുതിയിൽ ആകെ മരണം അഞ്ചായി. ജലനിരപ്പ് ഉയർന്നതിനാൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. റോഡിൽ വെള്ളം കയറിയും മരം വീണും പലയിടത്തും ഗതാഗതം താറുമാറായി.
തെങ്കാശി, തിരുനൽവേലി, തൂത്തുക്കുടി ജില്ലകളിലാണ് കഴിഞ്ഞ 24 മണിക്കൂറായി ശക്തമായ മഴ പെയ്യുന്നത്. ഈ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വീടുകളിൽ വെള്ളംകയറിയവരെ ദുരിതാശ്വാസ ക്യാമ്പുകലിലേക്ക് മാറ്റി.സംസ്ഥാനത്ത് ആകെ 50 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. നൂറിലേറെ കന്നുകാലികൾ ചത്തു. വീടുകൾക്കുണ്ടായ കേടുപാടുകളുടെ കണക്കെടുപ്പ് നടക്കുകയാണ്.
ആകെ അഞ്ച് മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ശിവഗംഗയിലും റാണിപ്പെട്ടിലുമായി 2 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. അരിയല്ലൂരിൽ വീട് തകർന്നാണ് ഒരു മരണമുണ്ടായത്. പൂണ്ടി ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ചെമ്പരമ്പാക്കം, റെഡ് ഹിൽസ് ജലസംഭരണികളിൽ നിന്നും വെള്ളം തുറന്നുവിട്ടിട്ടുണ്ട്. നാളെ രാവിലെവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.