നാട്ടിക അപകടം: അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി: ഒരു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
തൃശൂര്‍ നാട്ടികയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ലോറി അപകടത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി.
ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മൂന്നു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശമുണ്ട്.
അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവറുടെ ജാമ്യാപേക്ഷ തള്ളി കൊണ്ടായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിക്ക് ജാമ്യത്തിന് അര്‍ഹത ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിലെ രണ്ടാം പ്രതിയാണ് ഡ്രൈവര്‍ ജോസ്. അപകട സമയത്ത് ഒന്നാം പ്രതിയായ ക്ലീനര്‍ ആയിരുന്നു ലോറി ഓടിച്ചിരുന്നത്.
റോഡിനരികില്‍ ഉറങ്ങി കിടന്നിരുന്ന നാടോടി സംഘാംഗങ്ങള്‍ക്ക് നേരെ തടിലോറി പാഞ്ഞുകയറിയാണ് ദാരുണ സംഭവം നടന്നത്. അപകടത്തില്‍ രണ്ട് കുട്ടികളടക്കം അഞ്ച് പേരാണ് മരണപ്പെട്ടത്. കണ്ണൂരില്‍ നിന്ന് എറണാകുളം ഭാഗത്തേക്കു പോവുകയായിരുന്ന തടിലോറിയാണ് അപകടത്തില്‍പ്പെട്ടത്. 10 പേര്‍ അടങ്ങുന്ന നാടോടി സംഘമാണ് റോഡരികില്‍ ഉറങ്ങിക്കിടന്നിരുന്നത്.ഡൈവേര്‍ഷന്‍ ബോര്‍ഡ് ഡ്രൈവര്‍ കാണാതിരുന്നതാണ് അപകടകാരണം. ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയില്‍ ക്ലീനറാണു വാഹനമോടിച്ചതെന്ന് അന്ന് തന്നെ പൊലീസ് വ്യക്തമാക്കി.