എമർജൻസ് 3.0′ ജനുവരി 7 മുതൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ
മേപ്പാടി: ആസ്റ്റർ ഇന്റർനാഷണൽ എമർജൻസി മെഡിസിൻ കോൺക്ലേവിന്റെ മൂന്നാം പതിപ്പ് *എമർജൻസ് 3.0* ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2025 ജനുവരി 7 മുതൽ 12 വരെ നടക്കും.
ആസ്റ്റർ ഡി എം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ ചീഫ് പാട്രനും എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ പാട്രനുമായ കോൺക്ലേവിൽ ദുരന്തനിവാരണം ഉൾപ്പെടെ അടിയന്തര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് എമർജൻസ് 3.0 ചെയർപേഴ്സണും ആസ്റ്റർ ഡി എം ഹെൽത്ത് കെയർ എമർജൻസി മെഡിസിൻ ഇന്ത്യ ഡയറക്ടറുമായ ഡോ.പി പി വേണുഗോപാൽ അറിയിച്ചു. എമർജൻസി മെഡിസിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള അറിവുകൾ പകർന്നു നൽകി ഡോക്ടർമാർ, നഴ്സുമാർ, ഇതര പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവരെ ഈ രംഗത്ത് നൈപുണ്യമുള്ളവരാക്കി മാറ്റുക എന്നതാണ് കോൺക്ലേവ് ലക്ഷ്യമിടുന്നതെന്ന് ഡോ. പി പി വേണുഗോപാൽ പറഞ്ഞു.
ആസ്റ്റർ എമർജൻസി മെഡിസിൻ നെറ്റ്‌വർക് (ആസ്റ്റർ ഇ.എം. നെറ്റ്‌വർക്) ആണ് കോൺക്ലേവിന് നേതൃത്വം നൽകുന്നത്. എമർജൻസി മെഡിസിൻ രംഗത്തെ മുന്നേറ്റങ്ങൾ, ട്രോമാ മാനേജ്മെന്റിലെ പ്രവണതകൾ, കുട്ടികളുടെയും നവജാത ശിശുക്കളുടെയും ജീവസംരക്ഷണം, ദുരന്തനിവാരണം തുടങ്ങി വിവിധ വിഷയങ്ങൾ കോൺക്ലേവിൽ അവതരിപ്പിക്കപ്പെടും. എയർവേ മാനേജ്‌മെന്റ്, അഡ്വാൻസ്‌ഡ് വെന്റിലേഷൻ, പ്രീ ഹോസ്പിറ്റൽ ട്രോമാ മാനേജ്മെന്റ്, ഡിസാസ്റ്റർ മെഡിസിൻ, എം.ആർ.സി.ഇ.എം പാർട്ട് ബി, ഇ.സി.ജി, കമ്മ്യൂണിക്കേഷൻ ആൻഡ് ക്വാളിറ്റി, വിൽഡർനസ് മെഡിസിൻ, അൾട്രാ സൗണ്ട്, ക്ലിനിക്കൽ ടോക്സിക്കോളജി, സെയ്‌ഫ് പ്രൊസീജറൽ സെഡേഷൻ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള വർക് ഷോപ്പുകൾ കൂടാതെ നഴ്‌സുമാർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കുമുള്ള വർക്ക്ഷോപ്പുകളും കോൺ ക്ലേവിന്റെ ഭാഗമായുണ്ടാവും. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കുമായി 9895119395, 8129531774 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.