KeralaTop News

മുശാവറ യോഗത്തിൽ വാക്കേറ്റം; ഉമർ ഫൈസി മുക്കത്തെ മാറ്റിനിർത്തി ചർച്ച ചെയ്യണമെന്ന് ആവശ്യം

Spread the love

സമസ്തയ്ക്കുള്ളിലെ തർക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന മുശാവറ യോഗത്തിൽ വാക്കേറ്റം. സാദിഖലി തങ്ങൾക്കെതിരെ പരാമർശം നടത്തിയ ഉമർ ഫൈസി മുക്കത്തെ മാറ്റിനിർത്തി ചർച്ച ചെയ്യണമെന്ന ആവശ്യം ഉയർന്നതോടെയായിരുന്നു വാക്കേറ്റം. തർക്ക വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക മുശാവറ ചേരുമെന്ന് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.

അതേസമയം സമസ്ത മുശാവറയിൽ നിന്ന് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയി എന്ന വാർത്ത തള്ളി സമസ്ത. ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണ്. സമയക്കുറവ് മൂലം മറ്റ് അജണ്ടകൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചേരാൻ തീരുമാനിക്കുകയാണ് ഉണ്ടായതെന്നും സമസ്ത വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.

ഖാസി ഫൗണ്ടേഷൻ രൂപീകരണവുമായി ബന്ധപ്പെട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിച്ചു എന്ന ആരോപണത്തിൽ ഉമർ ഫൈസിക്കെതിരെ നടപടി വേണമെന്നായിരുന്നു ലീഗ് അനുകൂലികളുടെ പ്രധാന ആവശ്യം. വിഷയം ചർച്ച ചെയ്യുമ്പോൾ ഉമ്മർ ഫൈസി പങ്കെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹത്തെ മാറ്റിനിർത്തി ചർച്ച ചെയ്യണമെന്നും ബഹാവുദ്ദീൻ ആവശ്യപ്പെട്ടു. എന്നാൽ അത് നടക്കില്ലെന്നും വിഷയത്തിൽ തനിക്കും പറയാനുണ്ടെന്നും ഉമർ ഫൈസി പറഞ്ഞു. ഇതാണ് വാക്കേറ്റത്തിന് വഴി വച്ചുത്. ഒടുവിൽ തുടർന്നുള്ള ചർച്ചകൾ അവസാനിപ്പിച്ച് മുശാവറ പിരിഞ്ഞു.

തർക്ക വിഷയങ്ങൾ രണ്ടാഴ്ചയ്ക്കകം ചേരുന്ന മുശാവറ ചർച്ച ചെയ്യും. ഇസ്ലാമിക് കോളേജുകളുടെ കൂട്ടായ്മയായ സി ഐ സി യിലെ വിഷയങ്ങളും ചർച്ച ചെയ്തു. സമസ്തയെ അംഗീകരിക്കാത്ത പക്ഷം സിഐസിയുമായി സമസ്തക്ക് ബന്ധമില്ലെന്നും മുനമ്പം വിഷയത്തിൽ രേഖകൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. സമാന്തര സംഘടന രൂപീകരിച്ചത് അച്ചടക്കലംഘനം തന്നെയെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. ആദർശ സംരക്ഷണ സമിതി രൂപീകരിച്ചവർക്കെതിരെ നടപടി വേണമെന്ന് ഔദ്യോഗിക പക്ഷവും മലപ്പുറത്തെ സമവായ ചർച്ച ബഹിഷ്കരിച്ചവർക്കെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ് അനുകൂലികളും ആവശ്യപ്പെട്ടിട്ടുണ്ട്.