KeralaTop News

പോത്തൻകോട് കൊലപാതകം; സംശയകരമായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടയാൾ പിടിയിൽ, പോക്സോ കേസിലടക്കം പ്രതിയെന്ന് പൊലീസ്

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് തങ്കമണി കൊലക്കേസിൽ ഒരാൾ കസ്റ്റഡിയിൽ. സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാൾക്കെതിരെ പോക്സോ കേസുകൾ അടക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണിയെ (65) വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ സഹോദരിയാണ് തങ്കമണിയെ ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പുല‍ർച്ചെ പൂ പറിക്കാൻ വേണ്ടി തങ്കമണി പോയിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിന് സമീപത്ത് ചെമ്പരത്തി അടക്കം പൂക്കൾ കിടക്കുന്നുണ്ട്. തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മൽ നഷ്‌ടപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കൊലപാതകമെന്ന സംശയം ബലപ്പെടുത്തി. കൊലപാതക സാധ്യത മുൻനിർത്തിയാണ് മംഗലപുരം പൊലീസ് അന്വേഷണം നടത്തുന്നത്.