KeralaTop News

‘കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനം, ഞാൻ ഒരു രൂപ പോലും കൈപ്പറ്റിയില്ല’: ആശാ ശരത്

Spread the love

കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്തരൂപം ഒരുക്കാൻ പ്രതിഫലമൊന്നും കൈപ്പറ്റിയിട്ടില്ലെന്ന് ആശാ ശരത്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താൻ പ്രതിഫലം ചോദിച്ചതിനെ വിദ്യാഭ്യാസ മന്ത്രി വിമര്‍ശിച്ചതില്‍ പ്രതികരണവുമായി നടി രംഗത്തെത്തി.കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണെന്നും ആശാ ശരത് പറയുന്നു.

ഞാൻ ഒരു രൂപ പോലും കൈപ്പറ്റിയില്ല. എന്റെ സ്വന്തം ചിലവിൽ ദുബായിൽ നിന്നും വരികയായിരുന്നു. കുട്ടികൾക്കൊപ്പം നൃത്തം ചെയ്യുന്നതിൽ തനിക്ക് അഭിമാനവും സന്തോഷവും ഉണ്ട്. കലോത്സവം എന്നാൽ ഓരോ ആർട്ടിസ്റ്റിനും സ്വപ്നവേദിയാണ്. അവിടെ നിന്നപ്പോൾ എന്റെ മനസ്സിൽ സന്തോഷം നിറയുകയായിരുന്നു. പുതു തലമുറയോടൊപ്പം ജോലിചെയ്യുകയെന്നത് മനസിന് നിറവ് നൽകുന്ന ഒരു അനുഭവമായിരുന്നു.

ഞാൻ പ്രതിഫലം ചോദിച്ചു എന്ന് ആരെങ്കിലും ചിന്തിക്കുന്നതിനു തന്നെ കാരണം എന്തെന്ന് എനിക്കറിയില്ല. ഞാൻ അത് സന്തോഷവും അഭിമാനവുമായി കാണുകയായിരുന്നു. പ്രതിഫലം ആവശ്യപ്പെടണമോ ഇല്ലയോ എന്നത് വ്യക്തിയുടെ തീരുമാനമാണ്.

ഞാന്‍ പ്രതിഫലം വാങ്ങിക്കാതെയാണ് കുട്ടികൾക്ക് വേണ്ടി നൃത്തം ചിട്ടപ്പെടുത്തിയത്. എല്ലാം സ്വന്തം ചെലവിലായിരുന്നു. കഴിഞ്ഞ കലോത്സവത്തിന് കുട്ടികൾകൊപ്പം നൃത്തം ചെയ്യുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. കലോത്സവത്തിലൂടെ വളർന്നു വരുന്നത് നമ്മുടെ അഭിമാന താരങ്ങളാണെന്നും നടി പറഞ്ഞു.

പോയവർഷം കൊല്ലം ജില്ലയിൽ വച്ചായിരുന്നു സ്കൂൾ കലോത്സവം അരങ്ങേറിയത്. ഇവിടെ നടി ആശാ ശരത് അവതരിപ്പിച്ച നൃത്തപരിപാടി ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. കുട്ടികൾക്കൊപ്പമാണ് ആശ ശരത് നൃത്തം ചെയ്തത്. ദുബായിൽ നിന്നും കേരളത്തിലെത്തി നൃത്തം അവതരിപ്പിക്കുകയായിരുന്നു ആശ. വിവാദത്തിന്റെ പശ്ചാത്തലത്തിൽ, ആശ ശരത് നടത്തിയ പ്രതികരണവും വൈറലായി മാറുകയാണ്. ഒരു വലിയ നൃത്ത സംഘത്തിനൊപ്പമാണ് അന്ന് ആശ ശരത് നൃത്തം ചെയ്തത്.