KeralaTop News

വൈദ്യുതി നിരക്ക് വര്‍ധന പകല്‍ക്കൊള്ളയെന്ന് വിഡി സതീശന്‍; തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കെ സുരേന്ദ്രന്‍

Spread the love

വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്ക് വര്‍ധനവിലൂടെ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്കു മേല്‍ കെട്ടിവച്ചിരിക്കുന്നതെന്നും ജനജീവിതം ദുസഹമാക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ദീര്‍ഘകാല കരാര്‍ റദ്ദാക്കി അഴിമതിക്ക് ശ്രമിച്ചതാണ് ബോര്‍ഡിനുണ്ടായ അധിക ബാധ്യതയ്ക്ക് പ്രധാന കാരണം. യൂണിറ്റിന് നാലുരൂപ 26 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴുവര്‍ഷമായി വാങ്ങിക്കൊണ്ടിരുന്നതാണ് കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ആറര മുതല്‍ പന്ത്രണ്ട് രൂപ വരെ നല്‍കേണ്ടി വന്നത്. ഇതിലൂടെ മൂവായിരം കോടിയുടെ അധിക ബാധ്യതയാണ് ബോര്‍ഡിനുണ്ടായത്. ഈ ബാധ്യത ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ല. വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളിയിട്ട് രണ്ട് ദിവസമെ ആയിട്ടുള്ളൂ. അതിനിടയിലാണ് സാധാരണക്കാരനു മേല്‍ സര്‍ക്കാരിന്റെ ഇരുട്ടടി. 2016-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ അതുവരെയുള്ള കടം 1083 കോടി രൂപയായിരുന്നത് ഇപ്പോള്‍ 45000 കോടിയായി – പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. എല്ലാത്തരത്തിലും ജനങ്ങളെ ദ്രോഹിക്കുന്നതിനുള്ള ലൈസന്‍സായാണ് ഈ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയെ കാണുന്നത്. ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന അഴിമതി സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായുള്ള ജനകീയ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കും – വി ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, ചാര്‍ജ് വീണ്ടും വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ആരോപിച്ചു. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത് അഞ്ചാം തവണയാണ് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാര്‍ഹിക ഉപഭോക്താക്കളോടൊപ്പം കാര്‍ഷിക ഉപഭോക്താക്കളും വൈദ്യുതി നിരക്ക് വര്‍ദ്ധനവിന്റെ തിക്തഫലം അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും കെടുകാര്യസ്ഥത മൂലമാണ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടിവന്നത്. വൈദ്യതി ബോര്‍ഡ് ജനങ്ങള്‍ക്ക് ഉപകാര പ്രദമാവുന്നതിന് പകരം ജനങ്ങളെ കൊളളയടിക്കാനുള്ള സ്ഥാപനമായി മാറിയെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെടുന്നതും അത് റദ്ദാക്കുന്നതും വ്യക്തമായ കാഴ്പ്പാടില്ലാതെയാണെന്നത് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യം ബി.ജെ.പി നേരത്തെ ചൂണ്ടിക്കാണിച്ചതാണ്. വര്‍ദ്ധിപ്പിച്ച വൈദ്യുതി നിരക്ക് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇല്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും കെ.സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.