രാജ്യസഭയിൽ കോൺഗ്രസ് എംപിയുടെ സീറ്റിനടിയിൽ 500 രൂപ നോട്ടുകെട്ട്; അന്വേഷണം പ്രഖ്യാപിച്ച് ജഗ്ദീപ് ധൻഖർ
പാർലമെന്റിനെ ഞെട്ടിച്ച് അസാധാരണ നോട്ടുകെട്ട് വിവാദം. രാജ്യസഭയില്‍ കോണ്‍ഗ്രസ് എംപി അഭിഷേക് മനു സിങ് വിയുടെ സീറ്റിൽ 500 രൂപയുടെ നോട്ടുകെട്ട് കണ്ടെത്തിയതായി സഭ ചെയർമാൻ ജഗ്ദീപ് ധൻഖർ. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും ചെയർമാൻ രാജ്യസഭയെ അറിയിച്ചു.
“ഇന്നലെ പതിവ് പരിശോധനയ്ക്കിടെയാണ്, സീറ്റ് നമ്പർ 222 ൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നോട്ടുകൾ കണ്ടെടുത്തത്. തെലങ്കാനയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഭിഷേക് മനു സിങ് വിക്കാണ് ഈ സീറ്റ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്, സംഭവത്തില്‍ അന്വേഷണത്തിന് താന്‍ നിര്‍ദേശം നല്‍കി. അന്വേഷണം തുടരുകയാണെന്നും ജഗ്ദീപ് ധൻഖർ വ്യക്തമാക്കി.
ധൻഖറിന്റെ പ്രസ്താവനയെത്തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിൽ പ്രതിഷേധിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് നിഗമനത്തിലെത്തുന്നത് ഉചിതമല്ലെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സംഭവം ആരോപണവിധേയനായ എംപിയും നിഷേധിച്ചു. ഗൗരവമുള്ള വിഷയമാണെന്ന നിഗമനത്തിലാണ് ബിജെപി.നോട്ടുകെട്ടുകൾ കണ്ടെത്തിയത് സഭയുടെ അന്തസ്സിനെ ഹനിക്കുന്ന വിഷയം എന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു ചൂണ്ടിക്കാട്ടി.
അതേസമയം, വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ സഭയില്‍ ബഹളമുണ്ടായി. സംഭവം രാജ്യസഭയ്ക്ക് അപമാനമാണെന്ന് ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയും രാജ്യസഭാ നേതാവുമായി ജെ പി നഡ്ഡ അഭിപ്രായപ്പെട്ടു. അന്വേഷണം നടക്കുന്നതിനാല്‍ എംപിയുടെ പേര് വെളിപ്പെടുത്തരുതെന്ന ഖാര്‍ഗെയുടെ ആവശ്യം കേന്ദ്രമന്ത്രി കിരണ്‍ റിജിജു തള്ളി. സീറ്റ് നമ്പറും എംപിയുടെ പേരും ചൂണ്ടിക്കാണിച്ചതില്‍ എന്താണ് തെറ്റ്?. പാര്‍ലമെന്റില്‍ നോട്ടുകെട്ടുകള്‍ കൊണ്ടുപോകുന്നത് ഉചിതമാണോ?. ശരിയായ അന്വേഷണം നടത്തണം കിരണ്‍ റിജിജു ആവശ്യപ്പെട്ടു.