KeralaTop News

‘സ്മാർട്ട് സിറ്റിയെ എൽഡിഎഫ് സർക്കാർ ഞെക്കി കൊന്നു’, യുഡിഎഫ് വെറുതെയിരിക്കില്ല; പി കെ കുഞ്ഞാലിക്കുട്ടി

Spread the love

വലിയ പ്രതീക്ഷയിൽ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണ് സ്മാർട്ട് സിറ്റിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി. എൽഡിഎഫ് സർക്കാർ സ്മാർട്ട് സിറ്റിയെ ഞെക്കി കൊന്നു. നഷ്ടപരിഹാരം നൽകുക എന്നത് വിചിത്രമായ നടപടി.

സ്മാര്ട് സിറ്റി പദ്ധതിയില്‍ സർക്കാർ കാര്യക്ഷമത കാണിച്ചില്ല. അതിനെ കൊല്ലാകൊല ചെയ്തു. യുഡിഎഫ് കൊണ്ടുവന്ന പദ്ധതിയോട് എൽഡിഎഫിനുള്ള മനോഭാവം ആദ്യഘട്ടത്തിൽ തന്നെ വ്യക്തമായിരുന്നു. നഷ്ടപരിഹാരം നൽകുന്നതോടെ പരാജയം പൂർണമായി. വലിയ സംരംഭങ്ങളോടുള്ള എൽ.ഡി.എഫ് സർക്കാരുകളുടെ നെഗറ്റീവ് നയമാണിത്.

എന്തുകൊണ്ട് പിന്മാറ്റം എന്നത് കേരളീയരോട് സർക്കാർ വിശദീകരിക്കണം.ഏത് സ്മാർട്ട് സിറ്റി ,എന്ത് സ്മാർട്ട് സിറ്റി എന്നാണ് ചോദിച്ചത് .യുഡിഎഫ് വെറുതെയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സിപിഎമ്മിന്റെയും ബിജെപിയുടെയും വികസന വിരുദ്ധ സമീപനം മൂലം കേരളത്തില്‍ വന്‍ ഐടി കുതിച്ചുചാട്ടം കൊണ്ടുവരേണ്ടിയിരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയും ഇല്ലാതായെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു.

രണ്ടു പതിറ്റാണ്ട് കേരളത്തിലെ യുവജനങ്ങളെ മോഹിപ്പിച്ച പദ്ധതിയാണിത്. ഐടിയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തേണ്ടിയിരുന്ന കേരളം ഇപ്പോള്‍ ഏറെ പിന്നിലായി മുടന്തുന്നത് ഇടതുപക്ഷത്തിന്റെ പ്രതിലോമ നയങ്ങള്‍മൂലമാണ്.2011ല്‍ ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ പദ്ധതിക്ക് ഗതിവേഗം കൈവരിക്കാന്‍ ശ്രമിച്ചെങ്കിലും വിവാദങ്ങളില്‍ കുടുങ്ങി പദ്ധതി വൈകി.

കേരളത്തിലെ ലക്ഷോപലക്ഷം തൊഴില്‍രഹിതരോടും തൊഴില്‍തേടി വിദേശത്തേക്ക് പലായനം ചെയ്ത യുവജനങ്ങളോടും സിപിഎമ്മും ബിജെപിയും മാപ്പു പറയണം. ദശാബ്ദങ്ങളായി അടയിരുന്ന ഒരു പദ്ധതി റദ്ദാക്കുമ്പോള്‍ കേരളത്തിലേക്ക് വരാനിരിക്കുന്ന നിക്ഷേപകര്‍ക്ക് എന്തുസന്ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്നും കെ.സുധാകരന്‍ ചോദിച്ചു.