KeralaTop News

കൊടകര കുഴല്‍പ്പണ കേസ്: തിരൂര്‍ സതീശന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി

Spread the love

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുമതി. തൃശൂര്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച ശേഷം കോടതി അനുമതി നല്‍കുകയായിരുന്നു. കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയാകും മൊഴി രേഖപ്പെടുത്തുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഉള്‍പ്പെടെ കൊടകര കുഴല്‍പ്പണ കേസില്‍ പങ്കുണ്ടെന്ന് തിരൂര്‍ സതീശന്റെ വെളിപ്പെടുത്തല്‍.

കോഡ് ഓഫ് ക്രിമിനല്‍ പ്രൊസിജീയറിലെ സെഷന്‍ 164 പ്രകാരം തിരൂര്‍ സതീശന്റെ മൊഴി രേഖപ്പെടുത്താന്‍ തുടരന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ധര്‍മ്മരാജന്‍ അടക്കം 25 സാക്ഷികളുടെ മൊഴികളില്‍ കള്ളപ്പണം കടത്ത് സംബന്ധിച്ച വെളിപ്പെടുത്തല്‍ ഉണ്ട്. 200 സാക്ഷികളാണ് കേസിലുള്ളത്. തുടരന്വേഷണത്തിന് അനുമതി ലഭിച്ചാല്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവരെ വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. വെളിപ്പെടുത്തലില്‍ കുറ്റസമ്മതത്തിന്റെ സ്വഭാവത്തിലുള്ളതിനാല്‍ ധര്‍മ്മരാജന്‍ അടക്കമുള്ളവരൊക്കെ പ്രതിയാക്കാനാണ് പോലീസിന്റെ തീരുമാനം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് 6 ചാക്കുകളിലായി ഒന്‍പത് കോടി രൂപ എത്തിച്ചുവെന്നായിരുന്നു ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് നടത്തിയ വെളിപ്പെടുത്തല്‍. പണം എത്തിച്ച ധര്‍മ്മരാജനുമായി ബിജെപി സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും അതിനുമുന്‍പ് ചര്‍ച്ച നടത്തിയെന്ന സതീഷിന്റെ വെളിപ്പെടുത്തല്‍ തുടരന്വേഷണം വേണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്.