ശോഭാസുരേന്ദ്രനും എൻ ശിവരാജനും വിമർശനം; ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചു
ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ച് ബിജെപി സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് അവലോകനയോഗത്തിന് മുന്നോടിയായാണ് റിപ്പോർട്ട് സമർപ്പിച്ചത്. ശോഭാസുരേന്ദ്രൻ,എൻ ശിവരാജൻ ഉൾപ്പെടെയുള്ളവർക്ക് എതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്. സി കൃഷ്ണകുമാർ പാലക്കാട് ലഭിക്കാവുന്ന മികച്ച സ്ഥാനാർത്ഥി തന്നെയെന്ന് റിപ്പോർട്ടിൽ പറയുന്നു.
ശോഭാ സുരേന്ദ്രനും കൗൺസിലർ സ്മിതേഷും സ്ഥാനാർത്ഥിക്ക് എതിരായി പ്രവർത്തിച്ചുവെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.നഗരസഭയിൽ പ്രവർത്തനം മന്ദീഭവിപ്പിക്കാൻ ശ്രമം നടന്നു.പുറത്തുനിന്ന് എത്തിയവർ തങ്ങളുടെ വാർഡിൽ പ്രചരണം നടത്തുന്നതിനെ ആരോപണ വിധേയരായ കൗൺസിലർമാർ എതിർത്തു.
കണ്ണാടി പഞ്ചായത്തിൽ വോട്ട് മറിക്കാൻ ശ്രമം നടത്തി. ഒരു പഞ്ചായത്ത് ഭാരവാഹിയുമായുള്ള സംഭാഷണം പുറത്തായതോടെ ജാഗ്രത പാലിക്കാനായെന്ന് റിപ്പോർട്ടിൽ പറയുന്നു .
വോട്ട് മറിക്കുന്നതിൽ സന്ദീപ് വാര്യരുടെ സ്വാധീനം ഉണ്ടായെന്നും റിപ്പോർട്ടിൽ പരാമർശം. പരസ്യപ്രസ്താവനയുടെ പേരിൽ എൻ ശിവരാജന് എതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്.പാലക്കാട് സി കൃഷ്ണകുമാർ ലഭിക്കാവുന്ന മികച്ച സ്ഥാനാർത്ഥി തന്നെയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉപതെരഞ്ഞെടുപ്പിൽ സമാഹരിക്കാവുന്ന പരമാവധി വോട്ടുകൾ ലഭിച്ചുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 7, 8 തീയതികളിൽ എറണാകുളത്ത് തെരഞ്ഞെടുപ്പ് അവലോകനയോഗം നടക്കും.