KeralaTop News

ഗർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; സഹപാഠി അറസ്റ്റിൽ

Spread the love

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ ആലപ്പുഴ നൂറനാട് സ്വദേശിയായ സഹപാഠി അറസ്റ്റിൽ. പ്രതിയുടെ കുറ്റസമ്മത മൊഴിയാണ് അറസ്റ്റിലേക്ക് നയിച്ചത്. ഡിഎൻഎ പരിശോധനയ്ക്ക് സാംപിൾ അടക്കം നൽകിയതിന് ശേഷമാണ് ഇപ്പോൾ അറസ്റ്റ്. വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കേസിൽ കൂടുതൽ ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തിൽ ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നാണ് പ്രതി നൽകിയിരിക്കുന്ന മൊഴി. പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നും പ്രതി മൊഴിയിൽ വ്യക്തമാക്കി. മറ്റ് നടപടി ക്രമങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ അറസ്റ്റിലേക്ക് പോയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് പൊലീസ് പറഞ്ഞു.

പനിയെ തുടർന്നുള്ള അണുബാധയ്ക്ക് ചികിത്സ തേടിയ പെണ്‍കുട്ടി മരിച്ചത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. സംശയത്തെ തുടർന്ന് പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്നറിയുന്നത്. വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് സ്കൂൾ ബാഗിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിലൂടെ വ്യക്തമായിരുന്നു. ‘അച്ഛനും അമ്മയും ക്ഷമിക്കണം.ടീച്ചറായി കാണണമെന്ന അമ്മയുടെ ആഗ്രഹത്തെക്കുറിച്ചും മറ്റും സൂചന നൽകുന്ന, പെൺകുട്ടി സ്വന്തം കൈപ്പടയിൽ എഴുതിയത് എന്ന് സംശയിക്കുന്ന കുറിപ്പും കണ്ടെത്തിയിരുന്നു.