Sunday, December 29, 2024
Latest:
KeralaTop News

പത്തനംതിട്ടയിൽ പനിബാധിച്ച് 17കാരിയുടെ മരണം; പ്രത്യേക അന്വേഷണസംഘം വേണമെന്ന് KSU

Spread the love

പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനി പനിബാധിച്ച് മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം വേണമെന്ന് കെഎസ്‌യു. വീട്ടുകാർക്കും സ്കൂൾ അധികൃതർക്കും സംഭവത്തെക്കുറിച്ച് അറിയാമായിരുന്നോ എന്ന് പരിശോധിക്കണം പെൺകുട്ടിയുടെ മരണത്തെ ഒറ്റപ്പെട്ട സംഭവമായി എടുക്കാനാകില്ല.ദുരൂഹത അന്വേഷിക്കണമെന്ന് കെഎസ്‌യു സംസ്ഥാന കൺവീനർ തൗഫീഖ് രാജൻ വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വിദ്യാർത്ഥിനി മരണപ്പെടുന്നത്. പിന്നാലെയാണ് പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് വിവരം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കഴിഞ്ഞദിവസം പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. സഹപാഠികളുടെ രക്തമടക്കം സാമ്പിളുകൾ പരിശോധിക്കും. സഹപാഠിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു എന്നാണ് സൂചന.

ഗർഭസ്ഥ ശിശുവിന്റെ DNA സാമ്പിളുകൾ ശേഖരിച്ചു. കുട്ടിയുടെ പിതൃത്വം തെളിയുന്ന പക്ഷം ആയിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കുക. വീട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും മൊഴി ഉദ്യോഗസ്ഥർ രേഖപ്പെടുത്തും. പെൺകുട്ടി ഗർഭം അലസാൻ മരുന്നു കഴിച്ചത് വീട്ടുകാരുടെ അറിവോടെയാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധന ഫലങ്ങൾ ലഭിച്ചശേഷം ആയിരിക്കും അന്വേഷണസംഘം തുടർ നീക്കങ്ങളിലേക്ക് കടക്കുക.