Wednesday, April 16, 2025
Latest:
KeralaTop News

ഭരണഘടനാ വിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാൻ രാജി വെയ്ക്കേണ്ടന്ന് CPIM

Spread the love

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ ഇനിയും രാജി വെയ്ക്കേണ്ടന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. തുടർ നീക്കങ്ങൾക്ക് നിയമോദേശം തേടാനും തീരുമാനം. പത്തനംതിട്ട മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് വൻ തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഭാ​ഗത്ത് നിന്നുണ്ടായത്. പ്രസംഗത്തിൽ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രം​ഗത്തെത്തിയിരുന്നു. രാജിവെച്ച സജിയെ പിൻവാതിലിലൂടെ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്ന മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നും വി.ഡി സതീശൻ വിമർശിച്ചിരുന്നു. മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് ചെങ്ങന്നൂരിൽ ബിജെപി ഇന്ന് പ്രതിഷേധം നടത്തിയിരുന്നു. മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു. മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് എംപി പ്രവീൺ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി. എന്നാൽ കോടതിയുടെ അന്തിമ വിധിയല്ലെന്നും രാജി വയ്ക്കില്ലെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ നിലപാട്.

സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിച്ച പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചിരുന്നത്. മൊഴിയെടുക്കുന്നതിൽ പൊലീസിനും ഇക്കാര്യം പരിശോധിക്കുന്നതിൽ മജിസ്‌ട്രേറ്റിനും വീഴ്ച പറ്റിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പരിപാടിയിൽ പങ്കെടുത്ത പാർട്ടി പ്രവർത്തകരുടെ മാത്രം മൊഴി അടിസ്ഥാനമാക്കിയുള്ള പൊലീസ് റിപ്പോർട്ട് സുതാര്യമല്ല. സിസിടിവി ദൃശ്യങ്ങളും പെൻഡ്രൈവും പരിശോധിക്കാതെയാണ് പൊലീസിന്റെ അന്തിമ റിപ്പോർട്ടെന്നും കോടതി വിമർശിച്ചിരുന്നു.