Sunday, November 24, 2024
Latest:
NationalTop News

ജാർഖണ്ഡിലും പശ്ചിമ ബംഗാളിലും ED യുടെ വ്യാപക റെയ്‌ഡ്‌

Spread the love

രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന ഗൗരവതരമായ നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി ഇപ്പോൾ ജാർഖണ്ഡിലും പശ്ചിമ ബംഗാളിലും റെയ്‌ഡ്‌ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ 17 ഇടങ്ങളിലായിട്ടാണ് ഇഡി വ്യാപക റെയ്ഡ് നടത്തുന്നത്.

അനധികൃതമായി ബംഗ്ലാദേശികൾ നുഴഞ്ഞുകയറുകയും ഇന്ത്യൻ പൗരത്വം തെളിയിക്കാനായി വ്യാജ ആധാർ കാർഡ് അടക്കമുള്ള രേഖകൾ തയ്യാറാക്കിയതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂൺ ആറിനാണ് റാഞ്ചിയിലെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. പശ്ചിമ ബംഗാളിലും ഇതിന് സമാനമായ രീതിയിൽ കേസുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നിൽ ആസൂത്രിത സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും പെൺകുട്ടികളെ ഈ രണ്ട് സംസ്ഥാനങ്ങളിലേക്കും കടത്തി കൊണ്ടുവന്ന് അവർക്ക് ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ ലഭിക്കാനായി പണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കള്ളപണമൊഴുക്ക് പരിശോധിക്കുന്നതിനായി ഇഡി റെയ്‌ഡ്‌ നടത്തുന്നത്. ഇരു സംസ്ഥാനങ്ങളിലെയും പൊലീസുമായി ചേർന്നാണ് ഇഡി പരിശോധന നടത്തുന്നത്. ഇതിന് പിന്നിൽ ഭീകരസംഘടനകൾക്ക് പങ്കുണ്ടോയെന്നും അന്വേഷണ ഏജൻസികൾ പരിശോധിച്ചു വരികയാണ്.

അതേസമയം, ജാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും.രണ്ടായിരത്തിൽ രൂപീകൃതമായ ജാർഖണ്ഡിൽ നടക്കുന്ന അഞ്ചാമത്തെ നിയമസഭാ തിരഞ്ഞെടുപ്പ്.2019 ൽ ഭരണം നഷ്ടപ്പെട്ട ബിജെപി ഇത്തവണ അത് തിരിച്ചു പിടിക്കാനുള്ള പരിശ്രമത്തിലാണ്. 43 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടത്തിൽ 685 സ്ഥാനാർത്ഥികൾ ജനവിധി തേടും. വാശിയറിയ തിരഞ്ഞെടുപ്പ് പ്രചരണത്തിലാണ് മുന്നണികൾ.ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റവും ഭൂമി കയ്യേറലും ഭരണഘടനയും സംസ്ഥാനത്ത് മുഖ്യപ്രചരണ വിഷയങ്ങളാണ്.

ബിജെപി പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുതവണ സംസ്ഥാനം സന്ദർശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജനാഥ സിംഗും സംസ്ഥാനത്തെ പ്രചാരണ രംഗത്ത് സജീവമായിരുന്നു.അസം മുഖ്യമന്ത്രി ഹിമന്ദ ബിസ്വാ ശർമ്മ ജാർഖണ്ഡിൽ ക്യാമ്പ് ചെയ്താണ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.

81 നിയമസഭാ സീറ്റുകളിലെ 28 ആദിവാസി സംവരണ മണ്ഡലങ്ങളിൽ കഴിഞ്ഞതവണ ബിജെപിക്ക് രണ്ടിടങ്ങളിൽ മാത്രമാണ് ജയിക്കാനായത്. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം സംസ്ഥാനത്ത് ബിജെപി ചർച്ചയാക്കുന്നത് ഗോത്രവർഗങ്ങളിൽ സ്വാധീനം ചെലുത്താനാണ്. ജെഎംഎം വിട്ട ചംപൈ സോറനെ ഒപ്പം നിർത്താൻ ആയതും ബിജെപി പ്രതീക്ഷയോടെയാണ് കാണുന്നത്.ഇന്ത്യ മുന്നണി ആകട്ടെ തുടർഭരണം നിലനിർത്താനുള്ള തയ്യാറെടുപ്പിൽ. മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കൽപ്പന സോറനും സദാസമയവും പ്രചാരണ രംഗത്തുണ്ട്. ജാർഖണ്ഡിൽ പ്രചരണത്തിനെത്തിയ രാഹുൽ ഗാന്ധി ഭരണഘടന ഉയർത്തിയായിരുന്നു ബിജെപിക്ക് മറുപടി നൽകിയത്. ആദ്യഘട്ട തിരഞ്ഞെടുപ്പിനായുള്ള അവസാന മണിക്കൂറുകളിൽ തിരക്കിട്ട രാഷ്ട്രീയ ചർച്ചകളിലാണ് ജാർഖണ്ഡ്.