KeralaTop News

ഐഎഎസ് തലപ്പത്തെ പോര്: പ്രശാന്തിനെതിരെ നടപടിയുണ്ടായേക്കും; പ്രശാന്തിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തി ഉദ്യോഗസ്ഥരും

Spread the love

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലകിനെ പരസ്യമായി അധിക്ഷേപിച്ച കൃഷി വകുപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ എന്‍ പ്രശാന്തിനെതിരെ പരസ്യ വിമര്‍ശനവുമായി ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. എന്‍ പ്രശാന്ത് സമൂഹ മാധ്യമത്തിലൂടെയാണ് ഡോ.എ ജയതിലകിനെതിരെ വിമര്‍ശനം കടുപ്പിച്ചത്. പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറിതലത്തില്‍ നടപടി ഉണ്ടാകുമെന്നാണ് സൂചന.

അവധി അപേക്ഷയുമായി ബന്ധപ്പെട്ട ജയതിലകിന്റെ റിപ്പോര്‍ട്ടാണ് പ്രശാന്തിനെ ചൊടിപ്പിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യ വിമര്‍ശനമുന്നയിച്ചത്. ചിത്തരോഗി എന്ന് ഉള്‍പ്പെടെയാണ് പ്രശാന്ത് ഫേസ്ബുക്കില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചത്.

അതേസമയം ഐഎഎസ് തലപ്പത്തെ അവധി വിവാദത്തില്‍ എന്‍.പ്രശാന്തിനെ സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ പിന്തുണയ്ക്കുകയാണ്. അവധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഗൗരവമുള്ളതല്ല. പൊതു വേദിയിലെ വിഴുപ്പലക്കല്‍ ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ട്വന്റി ഫോറിനോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ എല്ലാ ദിവസവും രാവിലെ വന്നു ഒപ്പിടണം എന്ന് പറയുന്നത് ശരിയായ രീതിയല്ലെന്നും എല്ലാ ദിവസവും ഒരിടത്തു ഇരുന്നു ഒപ്പിട്ടാല്‍ വിമര്‍ശിക്കാമെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ പറഞ്ഞു.