KeralaTop News

IAS ചേരിപ്പോരിൽ നടപടി; വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തികരമല്ല; ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകി

Spread the love

ഐ എ എസ് ചേരിപ്പോരിൽ മുഖ്യമന്ത്രി പിണറായി വിജയന് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകി. ചട്ടലംഘനം നടത്തി പരസ്യ വിമർശനം നടക്കുന്നതായി ചീഫ് സെക്രട്ടറി വസ്തുതാ റിപ്പോർട്ട് കൈമാറി. എൻ.പ്രശാന്തിനെതിരായ നടപടി മുഖ്യമന്ത്രി തീരുമാനിക്കും. വിശദീകരണം തേടാതെ നടപടിയെടുക്കാം എന്ന നിലപാടിലാണ് ചീഫ് സെക്രട്ടറി.

സർക്കാർ നടപടിയുണ്ടാകുമെന്ന സൂചനകൾ പുറത്തുവന്നതിന് ശേഷവും ഫേസ്ബുക്ക് പോസ്റ്റുമായി എൻ പ്രശാന്ത് രംഗത്ത് വന്നു. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കരിയറും, ജീവിതവും നശിപ്പിച്ച ആളാണ് എ ജയതിലകെന്നും എൻ പ്രശാന്ത് തുറന്നടിച്ചു. തനിക്കെതിരെ വ്യാജരേഖ ചമക്കുകയും, ഗൂഡാലോചന നടത്തുകയും ചെയ്തെന്നും ആരോപണം. താൻ വിസിൽ ബ്ലോവറാണെന്നും എൻ പ്രശാന്ത് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലെ കമന്റിൽ ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോ എന്ന ചോദ്യത്തിന് അതാരെന്നായിരുന്നു എൻ പ്രശാന്തിന്റെ പരിഹാസം.

മതങ്ങളുടെ പേരിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിലും ചീഫ് സെക്രട്ടറി നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട് നൽകി. കെ ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ചീഫ് സെക്രട്ടറി റിപ്പോർട്ടിൽ പറയുന്നു. ഉചിതമായ നടപടിയെടുക്കാമെന്നാണ് ചീഫ് സെക്രട്ടറിയുടെ ശുപാർശ. മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകൾ ഉണ്ടാക്കിയത് അതീവ ഗൗരവകരമെന്നും സംഭവത്തിൽ നടപടി ഉണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറ‍ഞ്ഞിരുന്നു. തിങ്കളാഴ്ച ഓഫീസിൽ എത്തുന്ന ചീഫ് സെക്രട്ടറി വിഷയത്തിൽ തുടർനടപടി സ്വീകരിക്കാനാണ് സാധ്യത.