കാനഡയിലെ ബ്രാംപ്ടൺ ക്ഷേത്രം ആക്രമിച്ച സംഭവം; ഡൽഹിയിൽ ഹിന്ദു സിഖ് ഗ്ലോബൽ ഫോറം അംഗങ്ങളുടെ പ്രതിഷേധം
കാനഡയിലെ ബ്രാംപ്ടൺ ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ ഡൽഹിയിൽ പ്രതിഷേധവുമായി ഹിന്ദു സിഖ് ഗ്ലോബൽ ഫോറം അംഗങ്ങൾ. ഡൽഹിയിലെ കാനഡ എംബസിക്ക് നേരെയാണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധക്കാരെ തീൻ മൂർത്തി മാർഗിൽ പൊലീസ് തടഞ്ഞു. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കാനഡ എംബസിക്ക് മുൻപിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് പൊലീസ്.
അതേസമയം, കാനഡയിലെ ബ്രാംപ്ടൺ ക്ഷേത്രം ആക്രമിച്ച കേസിൽ ഒരാൾ കൂടി പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കാനഡയിലെ സിഖ് ഫോർ ജസ്റ്റിസ് കോർഡിനേറ്റർ ഇന്ദർജീത് ഗോസലിനെ ആണ് അറസ്റ്റ് ചെയ്തത്. ഉപാധികളോടെ വിട്ടയച്ച ഗോസലിനെ പിന്നീട് ബ്രാംപ്ടണിലെ ഒൻ്റാറിയോ കോർട്ട് ഓഫ് ജസ്റ്റിസിൽ ഹാജരാകുമെന്നും അന്വേഷണ സംഘം അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. ആക്രമണ സംഭവം പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നതെന്നും കാനഡ പൊലീസ് വ്യക്തമാക്കി. ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ കാനഡയ്‌ക്കെതിരെ വലിയ വിമർശനങ്ങൾക്കാണ് ഉയരുന്നത്. ഈ മാസം മൂന്നിനാണ് ബ്രാംപ്ടണിലെ ക്ഷേത്രത്തിൽ എത്തിയ വിശ്വാസികൾക്ക് നേരെ ഖാലിസ്ഥാൻ വിഘടനവാദികളുടെ ആക്രമണം ഉണ്ടായത്.