എഡിഎമ്മിന്റെ മരണം: പിപി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധി പറയും
എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ തലശേരി ജില്ലാ കോടതി വെള്ളിയാഴ്ച വിധി പറയും. ദിവ്യയുടെയും പ്രോസിക്യൂഷന്റെയും എഡിഎമ്മിന്റെ കുടുംബത്തിന്റെയും വാദം ഇന്ന് കോടതി കേട്ടു.
എഡിഎമ്മിന് എതിരായി കൈക്കൂലി ആരോപണം പിപി ദിവ്യ കോടതിയില്‍ ആവര്‍ത്തിച്ചു . ജില്ലാ കളക്ടറുടെ മൊഴിയും പ്രശാന്തന്റെ സസ്‌പെന്‍ഷനും പ്രതിഭാഗം ആയുധമാക്കി. തെറ്റ് പറ്റിയെന്ന് പറഞ്ഞാല്‍ കൈക്കൂലി എന്നല്ലാതെ മറ്റെന്ത് അര്‍ത്ഥമെന്നും പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കി. ദിവ്യയ്ക്ക് വേണ്ടി അഡ്വ. കെ വിശ്വനാണ് ഹാജരായത്. മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ അന്വേഷണ സംഘത്തിന് മുന്നില്‍ ദിവ്യ കീഴടങ്ങിയെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. അന്വേഷണവുമായി സഹകരിച്ചെന്നും പ്രതിഭാഗം പറഞ്ഞു.
അതേസമയം, നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴിയില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് നവീന്‍ ബാബുവന്റെ കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടു. പിപി ദിവ്യയും കണ്ണൂര്‍ ജില്ലാ കളക്ടറും തമ്മില്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഡ്വ. ജോണ്‍ എഫ് റാല്‍ഫ് ഉന്നയിക്കുന്നു. കളക്ടറും ദിവ്യയും തമ്മില്‍ ഗൂഢാലോചനയുണ്ട്. കളക്ടറുടെ മൊഴിക്ക് മുന്‍പും ശേഷവും ഉള്ള ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിക്കണം. പ്രശാന്തന്റെ CDR എടുക്കണം. തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ട് വെക്കുന്നു. ജാമ്യത്തിനുവേണ്ടി നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നുവെന്നും വാദമുണ്ട്. ദിവ്യയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചു നടന്നുവെന്നും ആരോപണമുണ്ട്. കീഴടങ്ങിയിരുന്നില്ലെങ്കില്‍ പോലീസിന് വീണ്ടും ഒളിച്ചു നടക്കേണ്ടി വന്നേനെയെന്നും കോടതിയില്‍ വിമര്‍ശിച്ചു.