ചേലക്കരയിലെ ‘ഒറ്റതന്ത’ പരാമർശം; സുരേഷ് ഗോപിക്ക് വീണ്ടും കുരുക്ക്
പൂര നഗരിയിൽ സേവാഭാരതിയുടെ ആംബുലൻസിൽ എത്തിയ സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ ചേലക്കരയിലെ ‘ഒറ്റതന്ത’ അധിക്ഷേപ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതാവ് വി ആർ അനൂപ് നൽകിയ പരാതിയിലാണ് ചേലക്കര പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചേലക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയായ കെ ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വേദിയിൽ ഒറ്റതന്ത പരാമർശം നടത്തിയിരുന്നു. ഇത് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ കോൺഗ്രസ് നേതാവ് പരാതി നൽകിയിരിക്കുന്നത്. കേസെടുക്കുന്നതിന് മുൻപായി പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്താനിരിക്കുകയാണ് ചേലക്കര പൊലീസ്. ഇന്ന് 12.30ന് സുരേഷ് ഗോപിക്കെതിരായ പരാതിയിൽ അനൂപിന്റെ മൊഴി രേഖപ്പെടുത്തും.ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് കേസെടുത്ത് മുമ്പോട്ട് പോകുക.
തൃശൂർപൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ ഒറ്റ തന്തക്ക് പിറന്നവരുണ്ടെങ്കിൽ തയ്യാറുണ്ടോ..? എന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം.ഒറ്റ തന്ത പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു.സുരേഷ് ഗോപി തന്തയ്ക്ക് പറഞ്ഞതിന് മറുപടിയില്ല. സാധാരണ തന്തയ്ക്ക് പറഞ്ഞാൽ തന്തയുടെ തന്തയ്ക്കാണ് പറയണ്ടത്. എന്നാൽ അത് പറയുന്നില്ലെന്നുമായിരുന്നു എം വി ഗോവിന്ദൻ പ്രസ്താവനയ്ക്ക് നൽകിയ മറുപടി.
അതേസമയം, ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം. അത്തരത്തിൽ വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.