KeralaTop News

മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് രണ്ടാം ഘട്ടം പരിഷ്കരണത്തോടെ നടപ്പാക്കും; വിദഗ്ധ സമിതിയെ നിയോഗിച്ചു

Spread the love

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസിന്റെ രണ്ടാം ഘട്ടം പരിഷ്കരണത്തോടെ നടപ്പാക്കും. പുതിയ മെഡിക്കൽ, സർജിക്കൽ പാക്കേജുകളും നിരക്കുകളും പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. നിർദേശങ്ങൾ സമർപ്പിക്കാൻ ശ്രീരാം വെങ്കിട്ടരാമൻ ചെയർമാനായ അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചത്.

പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കിയപ്പോൾ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു.ഇതിന് പിന്നാലെയാണ് പരിഷ്കരണത്തോടെ രണ്ടാംഘട്ട ഇൻഷുറൻസ് പദ്ധതി വരുന്നത്. അടുത്ത വർഷം ജൂൺ 30ന് നിലവിലെ പോളിസി അവസാനിക്കും. ഈ സാഹചര്യത്തിലാണ് പദ്ധതി പരിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2022 ജൂലൈ ഒന്നിനാണ് സംസ്ഥാന സർക്കാർ പദ്ധതി ആരംഭിച്ചത്.

സർക്കാർ ജീവനക്കാർ, പെൻഷൻകാർ, കുടുംബാംഗങ്ങൾ എന്നിവരടക്കം 30ലക്ഷം പേർക്ക് സൗജന്യ വിദ​ഗ്ധ ചികിത്സ എന്നതായിരുന്ന വാഗാദാനം. എന്നാൽ പിന്നീട് വൻ വിമർശനങ്ങളായിരുന്നു പദ്ധതിക്കെതിരെ ഉയർന്നത്. ആശുപത്രികളും ഇൻഷുറൻസ് കമ്പനിയും പരാതിയുമായി രം​ഗത്തെത്തിയിരുന്നു. തുടർന്നാണ് പദ്ധതി പരിഷ്കരിച്ച് ഗുണപ്രദമായി എങ്ങിനെ നടപ്പാക്കാം എന്ന് പഠിക്കാൻ വിദ​ഗ്ധ സമിതിയെ രൂപീകരിച്ചിരിക്കുന്നത്.