KeralaTop News

‘പാർട്ടിയിൽ നിന്ന് പുറത്താക്കി എന്നത് നുണ; വെളിപ്പെടുത്തൽ തുടരും; സുരേന്ദ്രൻ ഒരു കോടി രൂപ തട്ടിയെടുത്തു’; തിരൂർ സതീശ്

Spread the love

കൊടകര കുഴൽപ്പണ കേസിൽ വെളിപ്പെടുത്തൽ തുടരുമെന്നും കണ്ണിൽ കണ്ട സത്യങ്ങൾ വിളിച്ചു പറയുമെന്നും തിരൂർ സതീശ്. 2021 ഏപ്രിൽ 2 തീയതി വാക്കുകളാക്കി ധർമ്മരാജൻ കൊണ്ടുവന്നത് പണമായിരുന്നു. അതാണ് താൻ വെളിപ്പെടുത്തിയത്. പോലീസിന് നൽകിയ മൊഴിയിൽ നിന്ന് വിരുദ്ധമായി സത്യങ്ങളാണ് ഞാൻ രണ്ടുദിവസമായി വെളിപ്പെടുത്തിയതെന്ന് സതീശ് മാധ്യമങ്ങളോട് പറ‍ഞ്ഞു.

പണം ഓഫീസിൽ എത്തി എന്ന് മാത്രം പറഞ്ഞപ്പോൾ പാർട്ടിയുടെ ജില്ലാ സംസ്ഥാന അധ്യക്ഷനും തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് ചെയ്തതെന്ന് തിരൂർ സതീശ് പറഞ്ഞു. ആ പണം ആരൊക്കെ കൈകാര്യം ചെയ്തു എന്ന് താൻ പറഞ്ഞിട്ടില്ല. പണം വന്നു എന്ന കാര്യത്തിന് ഇതുവരെയും അവർ മറുപടി പറഞ്ഞിട്ടില്ല. ആ പണം വന്നോ. ആരെല്ലാം ഇത് ഉപയോഗിച്ചു എന്ന് പറഞ്ഞാൽ പല നുണകളും ഇവർക്ക് പറയേണ്ടിവരുമെന്ന് തിരൂർ സതീശ് പറഞ്ഞു.

രണ്ടുവർഷം മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കി എന്നത് നുണയുടെ വെടിയാണെന്ന് തിരൂർ സതീശ് പറയുന്നു. പാർട്ടി അധ്യക്ഷൻ പുറത്താക്കി എന്ന് പറയുന്ന കാലയളവിന് ശേഷവും പാർട്ടിയുടെ ചുമതലകളിൽ താൻ വരുന്നതിന്റെ തെളിവുകൾ പുറത്തുവിട്ടരുന്നു. പാർട്ടിയുടെ ഓഡിറ്റിങ്ങിന് കണക്കുകൾ ലഭ്യമാക്കിയത് താനാണ്. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാൾ എങ്ങനെയാണ് ഓഡിറ്റിങ്ങിന് വിവരങ്ങൾ കൈമാറുകയെന്ന് സതീശ് ചോദിച്ചു. സാമ്പത്തിക തിരുമറിയെ തുടർന്ന് തന്നെ പുറത്താക്കി എന്ന പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു. തന്നെ പാർട്ടി ഓഫീസിൽ നിന്ന് പുറത്താക്കിയിട്ടില്ല. താൻ സ്വമേധയാ പോയതാണെന്ന് സതീശ് വ്യക്തമാക്കി. തന്നെ പുറത്താക്കിയ ദിവസം പോലും കെകെ അനീഷിന് അറിയില്ലെന്ന് സതീശ് പറഞ്ഞു.

പോലീസ് മൊഴിയെടുക്കാൻ എത്തുമ്പോൾ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് സതീശ് വ്യക്തമാക്കി. തന്റെ ബുദ്ധിമുട്ടുകൾ ക്ക് ആരോടെങ്കിലും കടം വാങ്ങിയിട്ടുണ്ടെന്ന് അല്ലാതെ ആർക്കും തന്നെ വിലക്കെടുക്കാൻ കഴിയില്ല. താൻ ആവശ്യപ്പെട്ടതല്ല ബിജെപി ഓഫീസ് സെക്രട്ടറി ആയത്. തന്നെ വിളിച്ച് ഏൽപ്പിച്ചതാണ് ഓഫീസ് സെക്രട്ടറി ചുമതലയെന്ന് സതീശ് പറയുന്നു. പണം നഷ്ടപ്പെട്ടപ്പോൾ ധർമ്മരാജൻ ആദ്യം ബന്ധപ്പെട്ടത് കെ സുരേന്ദ്രനെയും മകനെയമാണെന്ന് സതീശ് വെളിപ്പെടുത്തി. കള്ളപ്പണക്കാരനും ആയിട്ട് ഇവർക്ക് എന്താണ് ബന്ധമെന്ന് സതീശ് ചോദിച്ചു.

പണം കൊണ്ടു വരുമ്പോൾ കോഴിക്കോട് വച്ച് സുരേന്ദ്രൻ ഒരു കോടി രൂപ തട്ടിയെടുത്തു വന്ന ധർമ്മരാജൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് തിരൂർ സതീശ് വെളിപ്പെടുത്തി. പാർട്ടി ഓഫീസിൽ വന്ന പണത്തിന്റെ പങ്ക് താൻ ചോദിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. താനുമായി നല്ല ബന്ധമുള്ള ആളാണ് ശോഭാ സുരേന്ദ്രനെന്നും ശോഭയുടെ പേര് ഇതുവരെ താൻ ഉച്ചരിച്ചിട്ടില്ലെന്നും സതീശ് പറയുന്നു. എന്നിട്ടും താൻ മൊയ്തീനുമായി കൂടിക്കാഴ്ച നടത്തി ബാങ്കിൽ വായ്പ അടച്ചത് എങ്ങനെ എന്ന് ശോഭ ചോദിച്ചു. പ്രവർത്തകർക്ക് കുറച്ചു കൂടി ധാരണയുള്ള നേതാവായിരുന്നു ശോഭ. നേതാക്കളുടെ കള്ളം ഏറ്റെടുത്ത് പറയുകയാണ് ശോഭ സുരേന്ദ്രനെന്ന് തിരൂർ സതീശ് പറയുന്നു.

ശോഭാസുരേന്ദ്രൻ വരുകയാണെങ്കിൽ പാർട്ടി ഓഫീസ് പൂട്ടിയിടണം എന്നാണ് കെ കെ അനീഷ് കുമാർ പറഞ്ഞത്. സംസ്ഥാന വൈസ് പ്രസിഡണ്ടാണ് അവരെ തടയാനാകില്ലെന്ന് താൻ പറഞ്ഞു. ഗ്രൂപ്പ് വഴക്കിൽ തന്നെ വലിച്ചിഴയ്ക്കരുതെന്ന് താൻ അന്ന് പറഞ്ഞിരുന്നുവെന്ന് സതീശ് വ്യക്തമാക്കുന്നു. ആ ശോഭയാണ് ഇപ്പോൾ തനിക്ക് എതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

താൻ ഈ വിവരങ്ങൾ നേരത്തെ തന്നെ ശോഭ സുരേന്ദ്രനോട് പറഞ്ഞിരുന്നു. ശോഭയുടെ വാഹനം താൻ ഓടിച്ചിട്ടില്ലെന്ന് സതീശ് വ്യക്തമാക്കി. കുഴൽപ്പണ കേസിനെ കുറിച്ച് ശോഭാ സുരേന്ദ്രനോട് പറഞ്ഞിരുന്നുവെന്നും നവംബർ, ഡിസംബർ മാസത്തിനു മുൻപ് ഇത് തുറന്നു പറയുകയാണെങ്കിൽ നല്ലതായിരിക്കും എന്നു പറഞ്ഞുവെന്നും സതീശ് വെളിപ്പെടുത്തി. ആ സമയം ബിജെപിയുടെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അങ്ങനെയെങ്കിൽ എനിക്ക് വല്ല സംസ്ഥാന പ്രസിഡൻറ് പദവി കിട്ടിയാലോ എന്നായിരുന്നു ശോഭയുടെ മറുപടിയെന്ന് സതീശ് പറയുന്നു.

ബിജെപി ഓഫീസിലേക്ക് എത്തിയ പണം പലരും കൊണ്ടുപോയിട്ടുണ്ടെന്ന് സതീശ് പറയുന്നു. ഇതിനെക്കുറിച്ച് പിന്നീട് വെളിപ്പെടുത്തും. ബിജെപി ഓഫീസിൽ വന്നത് ആറു കോടി 30 ലക്ഷം രൂപയല്ല. ധർമരാജന്റെ മൊഴി തെറ്റാണ്. 9 കോടി രൂപയാണ് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ വന്നതെന്ന് സതീശ് പറയുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കള്ളപ്പണം വന്നിരുന്നു.അന്ന് ജില്ലാ കമ്മിറ്റി ഓഫീസിൽ അല്ല പണം വന്നിരുന്നത്. മുരളി കോളങ്ങാട് എന്ന ബിജെപി നേതാവിന്റെ വീട്ടിലാണ് അന്ന് പണം എത്തിച്ചിരുന്നതെന്നും സതീശ് വെളിപ്പെടുത്തി.