KeralaTop News

കൊടകര കവർച്ചാ കേസ്; ഇഡിയും കേസെടുത്ത് അന്വേഷിച്ചു; അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല

Spread the love

കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പൊലീസിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷിച്ചു. 2023 ജനുവരി 30നാണ് കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തിട്ടും കേസിൽ അന്തിമ റിപ്പോർട്ട് ഇഡി സമർപ്പിച്ചിട്ടില്ല. ECIR 11/2023 എന്ന നമ്പരിൽ FIR രജിസ്റ്റർ ചെയ്തായിരുന്നു ഇഡിയുടെ അന്വേഷണം

2023 ജനുവരി 30നാണ് കൊച്ചി യൂണിറ്റ് കൊടകര കേസിൽ രജിസ്റ്റർ ചെയ്തത്. പോലീസ് കേസെടുത്തത് ഹൈവേ കവർച്ചക്കെന്ന് ഇഡി പറയുന്നു. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തിയത്. ഇഡിയുടെ പരിധിയിൽ വരുന്ന ഷെഡ്യൂൾഡ് ഒഫൻസ് കവർച്ചാപ്പണം വെളുപ്പിക്കൽ മാത്രമാണെന്ന് ഇഡി വ്യക്തമാക്കുന്നു.കേസുമായി ബന്ധപ്പെട്ട് പോലീസ് പ്രതികളാക്കിയ ആളുകളെ ചോദ്യം ചെയ്തിരുന്നു.

കൊടകര കേസിൽ കോടതി മേൽനോട്ടത്തിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലെ മറുപടിയിലാണ് ഇഡി മുൻപ് നിലപാട് അറിയിച്ചത്. പൊലീസ് കവർച്ചാ കേസിന് പകരം ഹവാല കേസ് ആയിരുന്നു രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ ഇഡിക്ക് കാര്യക്ഷമമായ അന്വേഷണം നടത്താൻ കഴിയുമായിരുന്നു. പൊലീസ് എടുത്ത കേസും എഫ്‌ഐആറും റിപ്പോർട്ടും കവർച്ചാ കേസെന്ന രീതിയിലായിരുന്നു. ഇതിൽ ബിജെപി നേതാക്കൾ പ്രതികളായിട്ടില്ല. എന്നാൽ ആദായനികുതി വകുപ്പിന് കേസിൽ അന്വേഷണം നടത്താൻ കഴിയും.

കൊടകര കുഴൽപണ കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് പൊലീസ് നൽകിയ കത്ത് പുറത്ത് വന്നിരുന്നു. 2021 ആഗസ്റ്റ് 8 ന് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണർ വി കെ രാജുവാണ് ഇഡിയുടെ ഡെപ്യൂട്ടി ഡയറക്ടർക്ക് കത്തയച്ചത്. കവർച്ചയ്ക്ക് പിന്നിലെ ഹവാല ഇടപാട് അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്തയച്ചത്. അതേസമയം തിരൂർ സതീശന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ‌ കേസിൽ തുടരന്വേഷണം നടത്താനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.