നഗ്നമായ നിയമലംഘനം, സര്‍ക്കാര്‍ നീതിപൂര്‍ണമായ അന്വേഷണം നടത്തിയില്ല’; കെ സുധാകരന്‍
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയുടെ ജാമ്യാപേക്ഷ നിഷേധിച്ചതില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇത്രയും പ്രമാദമായ ഒരു മരണത്തിന്റെ കാര്യകാരണങ്ങളെ കുറിച്ച് നീതിപൂര്‍ണമായ അന്വേഷണം പോലും ഈ സര്‍ക്കാര്‍ നടത്തിയില്ല എന്നത് ചരിത്രത്തിലെ നഗ്നമായ നിയമലംഘനമാണെന്ന് സുധാകരന്‍ പറഞ്ഞു. ഒരാഴ്ചക്കാലം മുഖ്യമന്ത്രി ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐഎമ്മിന്റെ കുടുംബത്തിനാണ് നഷ്ടം സംഭവിച്ചത്. എന്നിട്ടു പോലും മനുഷ്യത്വം കാണിക്കാത്ത മുഖ്യമന്ത്രിയുടെ കീഴില്‍ നിന്ന് ഏത് പൊലീസ് അന്വേഷിച്ചിട്ടാണ് കുടുംബത്തിന് നീതി കിട്ടുക. ഞങ്ങള്‍ക്കൊരിക്കലും പ്രതീക്ഷയില്ല. അദ്ദേഹം വ്യക്തമാക്കി.
എന്തിനാണ് ദിവ്യ ഇത്ര പ്രക്ഷുബ്ദയായതെന്ന് സുധാകരന്‍ ചോദിച്ചു. അവര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആണ്. ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ആ പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം വാങ്ങേണ്ടത് കൃത്യമായി അവര്‍ വാങ്ങിയിട്ടുമുണ്ട്. ഇതിനകത്തും ഒരു ഷെയര്‍ അവര്‍ക്കുണ്ടെന്നാണ് ഇപ്പോഴത്തെ വിവരം. അത് കിട്ടാതെ പോയതാണ് ദിവ്യയുടെ വിഷയം. അല്ലാതെ പ്രശാന്തന് പമ്പ് കിട്ടാത്തതല്ല – അദ്ദേഹം ആരോപിച്ചു. നീതിക്കായി ഏത് അറ്റം വരെയും കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, ദിവ്യയെ ഇത്രയും ദിവസം ഒളിപ്പിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. പി പി ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ അവസരവും ഉണ്ടായിരുന്നു. സംരക്ഷിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കി കൊടുത്തത് സിപിഎം നേതൃത്വം പോലീസും. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് എം.വി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.