മനസാക്ഷിയെ നടുക്കിയ തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി മറ്റന്നാള്‍; അച്ഛനും അമ്മാവനും കടുത്ത ശിക്ഷ ലഭിക്കണമെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് ഹരിത
സമൂഹമനസാക്ഷിയെ നടുക്കിയ തേങ്കുറിശ്ശി ദുരഭിമാനകൊലയില്‍ പ്രതികളുടെ ശിക്ഷാ വിധി തിങ്കളാഴ്ച. പ്രതികള്‍ക്ക് തൂക്കുകയര്‍ ശിക്ഷ ലഭിക്കണമെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത പറഞ്ഞു. കാടതി വരാന്തയില്‍ ഹരിത പൊട്ടിക്കരഞ്ഞു. തങ്ങള്‍ ഒരുതെറ്റും ചെയ്തില്ലെന്ന് പ്രതികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെവിന്‍ കേസിന് ശേഷം മലയാളിയുടെ ഉള്ള് നീറിച്ച ദുരഭിമാന കൊലയാണ് തേങ്കുറിശ്ശി കൊല. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. നടന്നത് അതിക്രൂരമായ കൊലപാതകം അല്ലെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം അല്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കൂടുതലായി ഒന്നും പറയാനില്ലെന്ന് പ്രതികളും വാദത്തിനിടെ പ്രതികളായ തന്റെ അച്ഛനും അമ്മാവനും കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന് കണ്ണീരോടെ ഹരിത കോടതിയില്‍ വച്ച് പറഞ്ഞു.
കടുത്ത ശിക്ഷ തന്നെ പ്രതികള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അനീഷിന്റെ പിതാവും പ്രതികരിച്ചു. 2020ലാണ് കേസിനാസ്പദമായ സംഭവം. ഹരിത എന്ന പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് പെണ്‍കുട്ടിയുടെ പിതാവ് പ്രഭുകുമാര്‍,അമ്മാവന്‍ സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഡിസംബര്‍ 25ന് അനീഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് 88ആം ദിവസത്തിലായിരുന്നു അരുംകൊല.