‘കൈയിലിരുന്ന കൊന്ത നൽകി, പുതിയൊരു സുഹൃത്തിനെ കൂടി കിട്ടിയെന്ന് പ്രിയങ്ക പറഞ്ഞു’: സന്തോഷം പങ്കുവെച്ച് ത്രേസ്യാമ്മ
വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനെത്തിയ പ്രിയങ്ക ഗാന്ധി ത്രേസ്യാമ്മയെ ആലിംഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രിയങ്ക ഗാന്ധി വീട്ടിൽ വരുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. വന്നപ്പോൾ സത്യമാണോ സ്വപ്നമാണോ എന്നറിയാത്ത അവസ്ഥയായിരുന്നുവെന്ന് ത്രേസ്യാമ്മ പറഞ്ഞു.
എന്‍റെ കൈയിലിരുന്ന കൊന്ത കൊടുക്കാൻ പെട്ടെന്ന് തോന്നി. മദർ തരേസ കൊന്ത തന്നിട്ടുണ്ട്. ഇതും അതുപോലെ സൂക്ഷിച്ചു വെക്കുമെന്ന് പ്രിയങ്ക പറഞ്ഞു. എന്‍റെ മക്കളുടെ പ്രായമേയുള്ളൂ പ്രിയങ്കയ്ക്കും രാഹുലിനും. ആ കുടുംബത്തോടാകെ സ്നേഹമാണ്. ഇന്ദിരാഗാന്ധി മരിക്കുമ്പോൾ ഞാൻ സ്കൂളിൽ ജോലി ചെയ്യുകയാണ്. അന്ന് മൗനജാഥ നടത്തിയതൊക്കെ ഓർമയുണ്ട്. അത്ര ആത്മബന്ധമാണെന്നും ത്രേസ്യാമ്മ പറഞ്ഞു.
ത്രേസ്യയുടെ വിമുക്ത ഭടനായ മകൻ പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം കണ്ട് കൈ കാണിച്ച് നിർത്തുകയായിരുന്നു. പ്രിയങ്കയെ കാണാൻ അമ്മയ്ക്ക് അതിയായ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ വീട് എവിടെയെന്ന് ചോദിച്ച് പ്രിയങ്ക ഗാന്ധി വാഹനം അങ്ങോട്ടേക്ക് എടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
പ്രധാന പാതയിൽ നിന്ന് 200 മീറ്റർ അകലെയുള്ള വീട്ടിലേക്ക് വാഹനം ചെന്നു. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും വീട്ടിലേക്ക് ഓടിയെത്തി. ഏറെ നേരം ത്രേസ്യയുമായി സംസാരിച്ച് തന്‍റെ മൊബൈൽ നമ്പർ കൈമാറിയ ശേഷം വയനാട്ടിൽ തനിക്ക് പുതിയൊരു സുഹൃത്തിനെ കൂടി കിട്ടിയെന്ന് പറഞ്ഞ് സ്നേഹം പങ്കുവച്ചാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്.