‘നവംബർ 1 മുതൽ 19 വരെ പറക്കരുത്’; എയർ ഇന്ത്യ വിമാനങ്ങൾക്ക് നേരെ ഭീഷണിയുമായി ഖലിസ്ഥാന്‍ നേതാവ്
എയർ ഇന്ത്യ സർവീസുകൾക്ക് നേരെ ഭീഷണിയുമായി ഖലിസ്ഥാന്‍ നേതാവ് ഗുര്‍പന്ത് സിങ് പന്നു. സിഖ് വിരുദ്ധ കലാപത്തിന്റെ വാർഷികദിനവുമായി ബന്ധപ്പെട്ട് നവംബര്‍ 1 മുതല്‍ 19 വരെ എയർ ഇന്ത്യ വിമാന കമ്പനി സര്‍വീസ് നടത്തിയാല്‍ ആക്രമിക്കുമെന്നാണ് ഭീഷണി. കഴിഞ്ഞ വർഷവും സമാനമായ ഭീഷണി പന്നു ഉയർത്തിയതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഡൽഹി ഇന്ദിര ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പേര് മാറ്റണമെന്നും നവംബര്‍ 19 വരെ അടച്ചിടണമെന്നുമായിരുന്നു പന്നുവിന്റെ അന്നത്തെ ആവശ്യം. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളിലായി വിമാന സർവീസുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചുവരുന്ന സന്ദർഭത്തിലാണ് ഖലിസ്ഥാന്‍ നേതാവിന്റെ പ്രതികരണം.
കാനഡയിലും യുഎസിലും ഇരട്ട പൗരത്വമുള്ളയാളാണ് പന്നു. നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ സ്ഥാപകൻ. രാജ്യദ്രോഹവും വിഘടനവാദവും ആരോപിച്ച് പന്നുവിനെ 2020 ജൂലൈ മുതല്‍ ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. 2022ലാണ് കേന്ദ്ര സര്‍ക്കാര്‍ സിഖ്സ് ഫോര്‍ ജസ്റ്റിസിനെ നിരോധിതസംഘടനയായി പ്രഖ്യാപിക്കുന്നത്. പഞ്ചാബി സിഖ് യുവാക്കളെ ആയുധമെടുക്കാൻ പ്രോത്സാഹിപ്പിച്ചതിന് യുഎപിഎയും പന്നുവിന് നേരെ ചുമത്തിയിരുന്നു.
അതേസമയം, അഞ്ചു ദിവസത്തിനിടെ 125 വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.ഇൻഡിഗോ, വിസ്താര, ആകാശ എയർ, എയർ ഇന്ത്യ എന്നീ അന്താരാഷ്ട്ര വിമാനങ്ങൾക്കുൾപ്പടെ ബോംബ് ഭീഷണി ഉണ്ടായിരുന്നു.വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികള്‍ നിസാരമായിക്കാണുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കുറ്റവാളികള്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു.