പി.പി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതിയുമായി കെഎസ്‌യു, നവീന്‍ ബാബുവിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യം
പി.പി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതിയുമായി കെഎസ്‌യു. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലെ ഉന്നത ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യം. പി.പി ദിവ്യയുടെ എല്ലാ ഇടപെടലുകളും സംശയാസ്പദമെന്നും ഗൂഢാലോചനയില്‍ അന്വേഷണം നടത്തണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസാണ് പരാതി നല്‍കിയത്.
സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മറ്റിയും പ്രതിപക്ഷ നേതാവുമടക്കം ആരോപിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് മാത്രമുള്ള യാത്രയയപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് എങ്ങനെയാണെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ചോദിക്കുന്നു. വിളിക്കാതെ പോകണ്ട കാര്യം എന്താണ് ദിവ്യക്ക് ഉള്ളത്? കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ച തീരുമാനമാണ് ദിവ്യയുടെ രാജി. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അതില്‍ നല്ലൊരു പങ്കും കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനാണുള്ളത്. രാവിലെ നടത്താന്‍ തീരുമാനിച്ച പരിപാടി മാറ്റിയതും അതിന്റെ ഭാഗമാണ്, അദ്ദേഹത്തിനെതിരെയും അന്വേഷണം വേണമെന്നും കെപി ഉദയഭാനു വ്യക്തമാക്കി.
അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. പി പി ദിവ്യയെ പ്രതിചേര്‍ത്തത് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108 പ്രകാരം പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭാക്കാവുന്ന കുറ്റമാണ് പി പി ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്.