കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ; 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം, പിപി ദിവ്യയെ പ്രതിചേർത്തു
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യക്കെതിരെ കേസ് എടുക്കാൻ തടസ്സമില്ലെന്ന് നിയമോപദേശം ലഭിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ തടസ്സമില്ലെന്നും ബിഎൻഎസ് 108 പ്രകാരം കേസ് എടുത്ത് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി ദിവ്യയെ പ്രതി ചേർത്തു. പി പി ദിവ്യയെ പ്രതിചേർത്ത് തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. കണ്ണൂർ ടൗൺ പൊലീസാണ് റിപ്പോർട്ട് നൽകിയത്. നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
അതേസമയം, പിപി ദിവ്യയുടെ വിമർശനത്തെ തള്ളി സിപിഐഎം രംഗത്തെത്തിയിരുന്നു. വിമര്‍ശനം സദുദ്ദേശ്യത്തോടെയായിരുന്നെങ്കിലും യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
യാത്രയയപ്പ് യോഗത്തിനിടെ പിപി ദിവ്യ നടത്തിയ അഴിമതി ആരോപണത്തിന് പിന്നാലെയായിരുന്നു എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്തത്. യാത്രയയപ്പിനുശേഷം രാത്രി മലബാർ എക്‌സ്‌പ്രസിൽ നാട്ടിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു നവീൻബാബു. അദ്ദേഹത്തെ കൂട്ടാൻ ചൊവ്വാഴ്ച പുലർച്ചെ ഭാര്യയും കോന്നി തഹസിൽദാരുമായ മഞ്ജുഷയും മക്കളും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തുകയുംചെയ്തു. നവീനെ കാണാത്തതിനെത്തുടർന്ന് കുടുംബം കണ്ണൂരിലെ അദ്ദേഹത്തിന്റെ ഡ്രൈവർ ഷംസുദ്ദീനെ വിളിക്കുകയും ഇയാൾ രാവിലെ പള്ളിക്കുന്നിലെ ഗസറ്റഡ് ഓഫീസർമാരുടെ ക്വാർട്ടേഴ്‌സിലെത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടത്. നവീനിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ പത്തനംതിട്ടയിലെത്തിച്ചു.
പൊതുദര്ശനത്തിനായി പത്തനംതിട്ട കളക്ടറേറ്റിൽ മൃതദേഹം എത്തിച്ചപ്പോൾ ഒപ്പം ജോലി ചെയ്തവരും സുഹൃത്തുക്കളും ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേരാണ് നവീൻ ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത്. മിക്കവരും കണ്ണീരടക്കാനാകാതെയാണ് നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിന് അടുത്ത് നിന്നത്. 11 മണിയോടെ മലയാലപ്പുഴയിലെ വീട്ടിലേക്ക് വിലാപയാത്രയായിട്ടാണ് മൃതദേഹം എത്തിച്ചത്. സംസ്കാരം വൈകീട്ടോടെ നടക്കും.