നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന വെളിപ്പെടുത്തല്‍; പമ്പുടമയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി
ആത്മഹത്യ ചെയ്ത എഡിഎം കെ നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പമ്പുടമ ടി വി പ്രശാന്തനെതിരെ വിജിലന്‍സിന് പരാതി. ആര്‍എസ്പിയുടെ യുവജനസംഘടനയായ ആര്‍.വൈ.എഫാണ് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. കെ നവീന്‍ ബാബുവിന് 98,500 രൂപ കൈക്കൂലി നല്‍കിയെന്ന ടി വി പ്രശാന്തന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്നാണ് ആവശ്യം
കൈക്കൂലി സ്വീകരിക്കുന്നതുപോലെ കൈക്കൂലി നല്‍കുന്നതും കുറ്റകൃത്യമാണെന്നിരിക്കെ നവീന്‍ പണം നല്‍കിയെന്ന് പറയുന്ന പ്രശാന്തിനെതിരെ അഴിമതി നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉള്‍പ്പെടെ പമ്പുടമ ഇക്കാര്യം പറഞ്ഞിരുന്നു. തന്റെ പമ്പിന് എന്‍ഒസി നല്‍കുന്നതിനാണ് കൈക്കൂലി നല്‍കിയതെന്നാണ് പറഞ്ഞിരുന്നത്. കൈക്കൂലി വിഷയത്തില്‍ മറ്റ് അന്വേഷണ ഉദ്യോഗസ്ഥരെയോ പൊലീസിനെയോ വിജിലന്‍സിനെയോ സമീപിക്കാതെ പ്രശാന്ത് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് ആരോപിച്ചും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
എന്നാല്‍ പെട്രോള്‍ പമ്പിന് അനുമതി വൈകിപ്പിച്ചത് എഡിഎം നവീന്‍ ബാബു അല്ലെന്നും സ്ഥലത്ത് അപകടസാധ്യതയെന്ന് ചൂണ്ടിക്കാട്ടിയത് റൂറല്‍ എസ്പിയാണെന്നുമുള്ള വിവരം ഇന്ന് പുറത്തുവന്നിരുന്നു. പ്രശാന്തിന്റെ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹനാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.