NDA യുദ്ധത്തിന് ഒരുങ്ങി നിൽക്കുന്നു; പാലക്കാടും ചേലക്കരയും ജയിക്കും’; കെ. സുരേന്ദ്രൻ
ഉപതെരഞ്ഞെടുപ്പിൽ പാലക്കാടും ചേലക്കരയും ജയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൻഡിഎ യുദ്ധത്തിന് ഒരുങ്ങി നിൽക്കുകയാണെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. ബിജെപി ചരിത്രത്തിലെ മികച്ച പ്രകടനം ഈ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകും. വയനാട്ടിൽ ചരിത്രത്തിൽ ഇന്നേരവരെ ഉണ്ടായിട്ടില്ല മുന്നേറ്റം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വളരെ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് തയാറെടുക്കുകയാണെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
എൽഡിഎഫിന് പകരം യുഡിഎഫ്, യുഡിഎഫിന് പകരം എൽഡിഎഫ് എന്ന രാഷ്ട്രീയ സമവാക്യം ഈ ഉപതെരഞ്ഞെടുപ്പോടുകൂടി ഇല്ലാതാകുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരംഭിച്ച ബിജെപി താരോദയം ഈ ഉപതെരഞ്ഞെടുപ്പുകളിൽ ആവർത്തിക്കും. എൽഡിഎഫിനും യുഡിഎഫിനെതിരായ ശക്തമായ പൊതുജനാഭിപ്രായം രൂപപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയും എൻഡിഎയും ചരിത്രത്തിലെ ഉജ്വല പ്രകടനമായിരിക്കും കാഴ്ചവെക്കുക.
സ്ഥാനാർത്ഥികളെ വൈകാതെ പ്രഖ്യാപിക്കുമെന്നും സ്ഥാനാർത്ഥികളുടെ നിർദേശം കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. ഓരോ മണ്ഡലത്തിലും 3 പേരുകൾ കൊടുത്തിട്ടുണ്ട്. വിജയ സാധ്യത കൂടുതൽ ഉള്ളവർ സ്ഥാനാർഥിയാകും. ഈ പട്ടികയ്ക്ക് പുറത്തു നിന്നുള്ളവരേയും സ്ഥാനാർഥികളായി പ്രതീക്ഷിക്കാമെന്ന് സുരേന്ദ്രൻ പറഞ്ഞു.