മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം: കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെന്ന് മന്ത്രി ജോര്‍ജ് കുര്യന്‍
മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു പങ്കുമില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍.
പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബാലാവകാശ കമ്മീഷന്‍ അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കോടതിയാണ് തീര്‍പ്പ് കല്‍പ്പിക്കേണ്ടതെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു.
മദ്രസകള്‍ നിര്‍ത്തലാക്കാന്‍ പറഞ്ഞിട്ടില്ലെന്ന് വിശദമാക്കിയ അദ്ദേഹം കേന്ദ്രമന്ത്രി അഭിപ്രായം പറയുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്നുള്ള എതിര്‍പ്പ് – ആര്‍ക്കും എന്ത് അഭിപ്രായവും പറയാം. സിപിഎം ബിജെപി അന്തര്‍ധാര കണ്ടെത്താന്‍ ഭൂമി കുഴിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പരിഹാസിച്ചു.
രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുന്ന മദ്രസകള്‍ അടച്ചു പൂട്ടണമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം പുറത്ത് വന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം.
മദ്രസകളില്‍ ഭരണഘടന ലംഘനം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ചത്. മദ്രസ പഠനത്തെക്കുറിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍ 71 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. മദ്രസകളുടെ അംഗീകാരം റദ്ദാക്കണം എന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.
അതേസമയം, ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം വന്നയുടന്‍ കേരളത്തിലെ മുസ്ലിം സംഘടനകള്‍ ഇതിനെതിരെ കടുത്ത എതിര്‍പ്പ് ഉയര്‍ത്തുകയാണ്. തീരുമാനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്കുള്ള വര്‍ഗീയ അജണ്ട എന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് പ്രതികരിച്ചു. കേരളത്തിലെ മദ്രസകളെ നിര്‍ദ്ദേശം ബാധിക്കില്ലെന്നും എന്നാല്‍ ആശങ്കയുണ്ടെന്നും നടപടിയെ ജനാധിപത്യ രീതിയില്‍ എതിര്‍ക്കുമെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി.