KeralaTop News

‘അവസാന കാലത്ത് അദ്ദേഹം ഒരുപാട് വിഷമിച്ചിരുന്നു, ഇപ്പോൾ മോക്ഷം കിട്ടിയെന്നെ പറയാനുള്ളൂ’; ടി പി മാധവനെ അനുസ്‌മരിച്ച് സുരേഷ് ഗോപി

Spread the love

നടൻ ടി പി മാധവനെ അനുശോചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിയോഗത്തിൽ വലിയ ദുഖമാണ്. അദ്ദേഹത്തിന് ലഭിച്ച വലിയ മോക്ഷമാണ്. അദ്ദേഹത്തിന്റെ അവസാനകാല ജീവിതം ഗാന്ധിഭവനിലായിരുന്നു. അവർ അദ്ദേഹത്തെ വളരെ നല്ലതുപോലെ നോക്കി. അവസാന കാല ജീവിതത്തിൽ നിന്നും മോക്ഷം ലഭിച്ചു

അമ്മയെ ഇത്രയും വലിയ സംഘടനയാക്കിയത് അദ്ദേഹമാണ്. അമ്മയുടെ ആദ്യ കാല പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. അമ്മയുടെ കൈനീട്ട സംവിധാനം കൊണ്ടുവന്നതിൽ ഒരാളാണ് അദ്ദേഹം. ഞങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത് അമ്മയുടെ നായർ എന്നായിരുന്നു, അതായത് അമ്മ സംഘടനയുടെ കെട്ട്യോൻ. അതായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ലഭിച്ചത് വലിയ മോചനമാണ്.

മൂന്ന് വർഷം മുമ്പ് അദ്ദേഹത്തെ പോയി കണ്ടിരുന്നു. അവസാന കാലത്ത് അദ്ദേഹം ഒരുപാട് വിഷമിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരുപാട് പേർ അമ്മയുടെ സഹായം പറ്റി ജീവിക്കുന്നു.അവരിൽ ഒരാൾ ആയിരുന്നു അദ്ദേഹമെന്നും സുരേഷ് ഗോപി പറഞ്ഞു.

നടൻ ടി പി മാധവൻ അന്തരിച്ചു. 86 വയസായിരുന്നു. അന്ത്യം കൊല്ലത്തെ ആശുപത്രിയിൽ വച്ചായിരുന്നു. അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചത്. ഏറെ നാളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ് അദ്ദേഹം. 2015ലെ ഹരിദ്വാര്‍ യാത്രക്കിടയിലെ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷമാണ് ഗാന്ധി ഭവനില്‍ വിശ്രമജീവിതത്തിന് എത്തിയത്. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടിപി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്.
ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും മാധവന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് മറവി രോഗം ബാധിച്ചു. പ്രശസ്ത അധ്യാപകന്‍ പ്രഫ. എന്‍പി പിള്ളയുടെ മകനാണ് ടിപി മാധവന്‍.

തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. നടന്‍ മധുവാണ് മാധവന് സിനിമയില്‍ അവസരം നല്‍കുന്നത്. 600ല്‍ അധികം സിനിമകളിലും ടെലി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. താരംസംഘടനയായ ‘അമ്മ’യുടെ സ്ഥാപക ജനറല്‍ സെക്രട്ടറി ആയിരുന്നു ടിപി മാധവന്‍.