നവകേരള സദസിലെ വിവാദ പ്രസ്താവന; മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
നവകേരള സദസിലെ വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചത് രക്ഷാപ്രവർത്തനം ആണെന്ന പരാമർശത്തിലാണ് അന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം.
എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിൻ്റെ ഹർജിയിലാണ് നടപടി. കുറ്റകൃത്യത്തിന് പ്രേരണ നൽകുന്നതാണ് മുഖ്യമന്ത്രിയുടെ നടപടിയെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു
നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചതിനാണ് യൂത്ത് കോൺ ജില്ലാ വൈസ് പ്രസിഡന്റിനെ ഉൾപ്പെടെ മർദ്ദിച്ചത്. വനിതാ നേതാവിനെ ഉൾപ്പെടെ കൂട്ടത്തോടെ മർദിച്ചുവെന്നാണ് പരാതി. ജില്ലാ വൈസ് പ്രസിഡന്റ് സുധീഷിനെ സിപിഎം പ്രവർത്തകറും മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരും വളഞ്ഞിട്ട് തല്ലി. ഹെൽമറ്റും ചെടിച്ചട്ടിയും കൊണ്ട് അടിച്ചു.
കരിങ്കൊടി കാണിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് എം വി ഗോവിന്ദൻ ആരോപിച്ചത്. എന്നാൽ , സിപിഐഎം ആസൂത്രിത ആക്രമണം നടത്തിയെന്നും കൈകാര്യം ചെയ്യാനാണ് തീരുമാനമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണുമെന്നും കെ സുധാകരനും വി ഡി സതീശനും പ്രതികരിച്ചിരുന്നു. സംഭവത്തിൽ 14 പേർ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ കേസെടുത്തിരുന്നു.