ബോക്സോഫീസ് തൂക്കാന്‍ അവരെത്തുന്നു, മമ്മൂട്ടി- മോഹന്‍ലാൽ ചിത്രം ഉടൻ; ഷൂട്ടിംഗ് അടുത്ത മാസം
മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ സംഭവിക്കാൻ പോകുന്നു. പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കാൻ പോകുന്നു. മഹേഷ് നാരായണനാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
അടുത്തിടെ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ആശീര്‍വാദ് സിനിമാസും മമ്മൂട്ടി കമ്പനിയും ഒന്നിക്കുന്നു എന്ന സൂചന നല്‍കിയിരുന്നു. 80 കോടിയോളം ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കൂടുതല്‍ നിര്‍മ്മാണ പങ്കാളികള്‍ ഉണ്ടാകും എന്നാണ് വിവരം. ലണ്ടന്‍, ശ്രീലങ്ക, ഹൈദരാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളില്‍ ഷൂട്ടിംഗ് നടക്കും എന്നാണ് വിവരം. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നവംബര്‍ മാസം ആരംഭിക്കും.
2013 ല്‍ കടല്‍ കടന്നൊരു മാത്തുക്കൂട്ടി എന്ന രഞ്ജിത്ത് മമ്മൂട്ടി ചിത്രത്തില്‍ മോഹന്‍ലാല്‍ അദ്ദേഹമായി തന്നെ ക്യാമിയോയായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും തുല്യപ്രധാന്യമുള്ള റോളില്‍ അവസാനമായി അഭിനയിച്ചത് താര സംഘടന അമ്മയ്ക്ക് വേണ്ടി നിര്‍മ്മിച്ച ജോഷി ചിത്രം ട്വന്‍റി20യിലാണ്. അക്കാലത്തെ മലയാളത്തിലെ ബോക്സോഫീസ് ഹിറ്റായിരുന്നു ചിത്രം.
സംവിധയകാൻ മഹേഷ് നാരായണൻ നിർമാതാവ് ആന്റോ ജോസഫ് ഉൾപ്പെടെയുള്ളവർ ശ്രീലങ്കയിലെത്തി. ശ്രീലങ്കൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. എംപി യാദമിനി ഗുണവര്‍ധന, അഡ്വൈസര്‍ സുഗീശ്വര സേനാധിര എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമാണം മമ്മൂട്ടികമ്പനിയും ആശീർവാദ് സിനിമാസും ഒരുമിച്ചാകും ഏറ്റെടുക്കുക.
അതേസമയം ഈ വമ്പൻ പ്രോജക്ടിലൂടെ രാജ്യത്തേക്ക് കൂടുതൽ സിനിമാ പ്രവർത്തകരെ ആകർഷിക്കാനാണ് ശ്രീലങ്കൻ ഗവൺമെന്റ് ശ്രമിക്കുന്നത്. വിദേശനാണ്യ വരുമാനം വർധിപ്പിക്കുന്നതിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ സാധ്യതകൾ എടുത്തുകാണിച്ചുകൊണ്ട് ശ്രീലങ്കയെ ചിത്രീകരണ ചിത്രീകരണ സ്ഥലമായി തിരഞ്ഞെടുത്തതിന് പ്രധാനമന്ത്രി ഗുണവർധന നന്ദി അറിയിച്ചു.
1982 ലെ പടയോട്ടം തൊട്ട് ഒന്നിച്ച് നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് എത്തിയിട്ടുണ്ട്. ഇതില്‍ പലതും മലയാളത്തിലെ വമ്പന്‍ ബോക്സോഫീസ് ഹിറ്റുകളാണ്. മലയാള സിനിമയിലെ താര രാജക്കന്മാര്‍ വീണ്ടും ഒന്നിക്കുമ്പോള്‍ വീണ്ടും വലിയൊരു ബോക്സോഫീസ് ഹിറ്റ് തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.