KeralaTop News

എഡിജിപി അജിത് കുമാറിനെതിരെ കടുത്ത നടപടി വേണമെന്ന നിലപാട് ഡിജിപി മയപ്പെടുത്തി? റിപ്പോര്‍ട്ടില്‍ അവസാന നിമിഷം മാറ്റം വരുത്തിയെന്ന് സൂചന

Spread the love

എഡിജിപി എം ആര്‍ അജിത്കുമാറിന് എതിരെ കടുത്ത നടപടി വേണമെന്ന നിലപാട് ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് അവസാന നിമിഷം മയപ്പെടുത്തിയെന്ന് സൂചന. സര്‍ക്കാരിന് സമര്‍പ്പിക്കും മുമ്പ് അന്വേഷണ റിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ വരുത്തിയെന്നാണ് വിവരം. കണ്ടെത്തലുകള്‍ വിശദീകരിക്കാന്‍ ഡിജിപി ഇന്ന് മുഖ്യമന്ത്രിയെ കാണും.

എഡിജിപിയ്‌ക്കെതിരായ ആരോപണങ്ങളില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച വൈകിട്ട് കൈമാറുമെന്നായിരുന്നു വിവരമെങ്കിലും റിപ്പോര്‍ട്ടില്‍ ഇന്നലെ വീണ്ടും കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിരുന്നു. അധികാരസ്ഥാനത്തില്ലാത്ത രാഷ്ട്രീയ നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് റിപ്പോര്‍ട്ടിലുള്ളതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എഡിജിപിക്ക് കുരുക്കാകുക ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയാകുമെന്നും വിവരമുണ്ടായിരുന്നു.

ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത് എന്നതിനാല്‍ എം ആര്‍ അജിത് കുമാറിനെതിരായ നടപടി സ്ഥാനചലനത്തില്‍ ഒതുങ്ങിയേക്കില്ലെന്നും ഇന്നലെ വിലയിരുത്തലുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഡിജിപി മയപ്പെടുകയും സ്ഥാനചലനത്തിലേക്ക് തന്നെ കാര്യങ്ങള്‍ ഒതുക്കുകയാണെന്നുമാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

ഔദ്യോഗിക വാഹനം അടക്കം ഉപേക്ഷിച്ച് രഹസ്യമായി സന്ദര്‍ശിച്ച നടപടിയില്‍ ചട്ടലംഘനമുണ്ടായെന്നായിരുന്നു ഡി.ജി.പിയുടെ കണ്ടെത്തല്‍.എടവണ്ണ റിദാന്‍ കൊലപാതക കേസിലെയും,മാമി തിരോധാന കേസിലും അജിത്കുമാറിന് പരിക്കില്ല.പക്ഷേ ഈ രണ്ടു കേസുകളിലും പൊലീസ് വീഴ്ച്ച പരിശോധിക്കാന്‍ വിശദ അന്വേഷണത്തിന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൊലീസ് മേധാവി മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കും. നാളെ നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടായേക്കും.