Saturday, December 28, 2024
Latest:
NationalTop News

ഒളിമ്പിക്‌സിന് ശേഷം പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ വിസമ്മതിച്ചിരുന്നുവെന്ന് വിനേഷ് ഫോഗട്ട്

Spread the love

പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയായതിനു ശേഷം പ്രധാനമന്ത്രിയോട് ഫോണില്‍ സംസാരിക്കാന്‍ താന്‍ വിസമ്മതിച്ചിരുന്നുവെന്ന് വിനേഷ് ഫോഗട്ട്. പ്രമുഖ ന്യൂസ് ഔട്ട്‌ലറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. പ്രധാനമന്ത്രിയുമായി സംസാരിക്കുന്നത് വീഡിയോ ആയി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് വിസമ്മതം അറിയിച്ചതെന്ന് വിനേഷ് പറയുന്നു.

ഒളിമ്പിക്‌സ് മെഡല്‍ നഷ്ടമായതിന് ശേഷം പ്രധാനമന്ത്രിയോട് സംസാരിച്ചില്ലേ എന്നാണ് അഭിമുഖത്തില്‍ ഫോഗട്ടിനോട് ചോദിക്കുന്നത്. കോള്‍ വന്നിരുന്നു, എന്നാല്‍ താന്‍ സംസാരിക്കാന്‍ വിസമ്മതിച്ചു എന്നാണ് അവര്‍ മറുപടി പറയുന്നത്. എന്തുകൊണ്ടാണ് നിങ്ങള്‍ സംസാരിക്കാതിരുന്നത് എന്ന്് അത്ഭുതത്തോടെ അഭിമുഖം ചെയ്യുന്നയാള്‍ ചോദിക്കുന്നുണ്ട്. അദ്ദേഹം നേരിട്ടല്ല വിളിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്നെ വിളിച്ചു. പ്രധാനമന്ത്രിക്ക് സംസാരിക്കണമെന്ന് പറഞ്ഞു. ഞാന്‍ സമ്മതിച്ചു. സംസാരിക്കുന്നത് വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു. അതുകൊണ്ട് വിസമ്മതിച്ചു – ഫോഗട്ട് വ്യക്തമാക്കി. തന്റെ വികാരം ഒരു തമാശയായി ചിത്രീകരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോംസ് ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശ്രീനേത് ഈ അഭിമുഖം കഴിഞ്ഞ ദിവസം എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. വിനേഷ് ഫോഗട്ടിന്റെ അഭിമാനം അല്‍പ്പം കൂടി ഉയര്‍ന്നുവെന്നും അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഫോണില്‍ സംസാരിക്കാന്‍ വിസമ്മതിച്ചുവെന്നും വ്യക്തമാക്കിക്കൊണ്ടാണ് അഭിമുഖം പോസ്റ്റ് ചെയ്തത്. മോദിയുടെ ടീം കോള്‍ റെക്കോര്‍ഡ് ചെയ്യാനും സോഷ്യല്‍ മീഡിയയില്‍ പ്രശംസ നേടാനും ആഗ്രഹിച്ചാണ് വിനേഷിനെ സമീപിച്ചതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈയൊരു ധൈര്യവും ആദര്‍ശവും രാജ്യത്തെ സിംഹക്കുട്ടിയില്‍ മാത്രമേ കാണുകയുള്ളുവെന്നും ശ്രീനേത് വ്യക്തമാക്കി. വിനേഷിന് അഭിനന്ദനങ്ങള്‍ അറിയിച്ച അവര്‍ നരേന്ദ്ര മോദിയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും പറഞ്ഞു.