ഹരിയാനയിൽ കോൺഗ്രസ് അധികാരം പിടിക്കുമെന്ന് എക്സിറ്റ് പോളുകൾ, 55 മുതൽ 62 വരെ സീറ്റുകൾ, ബിജെപി തകർന്നടിയും
ദില്ലി : ഹരിയാനയിൽ ജാട്ട്, സിഖ് മേഖലകളിലടക്കം ആധിപത്യം നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രവചിക്കുന്നു. ന്യൂസ് 18, പീപ്പിൾസ് പൾസ്, ദൈനിക് ഭാസ്കർ, റിപ്പബ്ലിക് ഭാരത് സർവേകൾ അടക്കം കോൺഗ്രസിന്റെ തിരിച്ച് വരവ് പ്രവചിക്കുന്നു. 55 മുതൽ 62 വരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് 18 മുതൽ 24 സീറ്റുകൾ പ്രവചിക്കുമ്പോൾ എഎപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.
കോൺഗ്രസ് 62 സീറ്റുകളിലും ബിജെപി 24 സീറ്റുകളിലും ജെജെപി 3 സീറ്റുകളിലും വിജയിക്കുമെന്ന് ന്യൂസ് 18 എക്സിറ്റ് പോൾ പ്രവചനം.
ദൈനിക് ഭാസ്കർ ഹരിയാനയിൽ കോൺഗ്രസിന് 44 മുതൽ 54 വരെ സീറ്റുകൾ പ്രവചിക്കുന്നു. ബിജെപിക്ക് 15 മുതൽ 29വരെ സീറ്റുകളും ജെജെപി 1 സീറ്റും ഐഎൻഎൽഡി 2 സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.
റിപ്പബ്ലിക് ഭാരത് ഹരിയാന കോൺഗ്രസിന് 55 മുതൽ 62 സീറ്റുകൾ പ്രവചിക്കുന്നു. ബിജെപി 18 മുതൽ 24 സീറ്റുവരെയും ജെജെപി 3 സീറ്റും ഐഎൻഎൽഡി 3 മുതൽ 6 വരെ സീറ്റുകളും പ്രവചിക്കുന്നു.
ഹരിയാനയിൽ കോൺഗ്രസിന് ഊർജമായിരിക്കുകയാണ് എക്സിറ്റ് പോൾ ഫലങ്ങൾ. 65 സീറ്റുകൾ വരെ നേടുമെന്ന് ഭുപിന്ദർ ഹൂഡ പ്രതികരിച്ചു. മികച്ച ഭൂരിപക്ഷത്തിൽ കോൺഗ്രസ് സർക്കാർ ഉണ്ടാക്കുമെന്നും എക്സിറ്റ് പോള് പ്രവചനങ്ങളിൽ ഹൂഡ പ്രതികരിച്ചു.