‘തൃശൂർ കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ചു; ചേലക്കരയിലും പാലക്കാടും വയനാട്ടിലും UDF മികച്ച വിജയം നേടും’; വികെ ശ്രീകണ്ഠൻ
തൃശൂർ കോൺഗ്രസിനുള്ളിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് വികെ ശ്രീകണ്ഠൻ എംപി. പാർട്ടി നേതാക്കൾ ഒന്നിച്ചിരുന്നാണ് സർക്കാരിനെതിരായ പ്രതിഷേധം ചർച്ച ചെയ്തത്. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാൻ ജില്ലയിൽ പാർട്ടി സജ്ജമായി കഴിഞ്ഞെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു.
അന്നുണ്ടായ പ്രശ്നങ്ങളൊന്നും ഇപ്പോൾ നിലനിൽക്കുന്നില്ലെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു. ചേലക്കരയിലും പാലക്കാടും വയനാട്ടിലും യൂഡിഎഫ് മികച്ച വിജയം നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാലക്കാട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിനെ അദ്ദേഹം പരിഹാസിച്ചു. ഒരു സ്വതന്ത്രസ്ഥാനാർഥിയെ ഇറക്കി സിപിഐഎമ്മിന് മതിയായില്ലേ എന്നായിപരുന്നു വികെ ശ്രീകണ്ഠന്റെ പ്രതികരണം.
ലോക്സഭാ തെരഞ്ഞെടപ്പിന് പിന്നാലെയായിരുന്നു തൃശൂരിലെ കോൺഗ്രസിൽ ഭിന്നത രൂപപ്പെട്ടത്. കയ്യാങ്കളിയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. കെപിസിസിയുടെ അന്ത്യശാസനക്ക് പിന്നാലെ തൃശൂർ ഡിസിസി അധ്യക്ഷസ്ഥാനം ജോസ് വള്ളൂർ രാജിവെച്ചിരുന്നു. വിവാദങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിൽ തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ താൽക്കാലിക അധ്യക്ഷനായി വി കെ ശ്രീകണ്ഠൻ എംപിയെ ചുമതലയേൽപ്പിക്കുകയായിരുന്നു.